മനില: ഫിലിപ്പീൻസിലെ മിൻഡാനോയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യുറോപ്യൻ-മെഡിറ്റനേറിയൻ സീസ്‌മോളജിക്കൽ സെന്റർ അറിയിച്ചു. 63 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. യു.എസിലെ സുനാമി മുന്നറിയിപ്പ് സിസ്റ്റമാണ് ജാഗ്രത നിർദ്ദേശം നൽകിയത്. നേരത്തെ കഴിഞ്ഞ മാസം റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തെക്കൻ ഫിലിപ്പീൻസിൽ ഉണ്ടായിരുന്നു.

എട്ട് പേരാണ് അന്ന് ഭൂകമ്പത്തിൽ മരണപ്പെട്ടത്. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 50ഓളം വീടുകളും കെട്ടിടങ്ങളും ഭൂകമ്പത്തിൽ തകരുകയും ചെയ്തു.

ഫിലീപ്പീൻസ്, ജപ്പാൻ തീരങ്ങളിലാണ് സുനാമിക്ക് സാധ്യത. ഇന്ത്യയിൽ ആശങ്കവേണ്ട. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സുനാമിക്ക് സാധ്യതയുണ്ടെങ്കിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുമെന്നും ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് വ്യക്തമാക്കി.

നവംബർ 17-ന് തെക്കൻ ഫിലിപ്പീൻസിലുണ്ടായ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. 50 ലേറെ വീടുകൾക്കും കെട്ടിടങ്ങൾക്കുമാണ് അന്ന് കേടുപാട് സംഭവിച്ചത്.