- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാജ്യത്തിന് കരുത്തേകാൻ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം; മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് സൗജന്യ ഭവനം; രാജ്യത്തെ ജനസംഖ്യാ നിരക്ക് താഴുന്നതിനിടെ യുവതികളോട് കണ്ണീരോടെ അഭ്യർത്ഥിച്ച് കിം ജോങ് ഉൻ
പ്യോങ്യാങ്: രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്നത് പരിഹരിക്കാൻ യുവതികളോട് കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കാൻ കണ്ണീരോടെ അഭ്യർത്ഥിച്ച് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കിം വികാരാധീനനായത്. ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നതിനിടെയാണ് കിമ്മിന്റെ ആഹ്വാനമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സംസാരിക്കുന്നതിനിടെ തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കിം മുഖം കുനിക്കുന്നതും കണ്ണീരൊപ്പുന്നതും വിഡിയോയിൽ കാണാം. പ്യോങ്യാങ്ങിൽ നടന്ന അഞ്ചാമത് നാഷനൽ കോൺഫറൻസ് ഓഫ് മദേഴ്‌സിൽ നിന്നു ദൃശ്യങ്ങളാണ് ക്ഷണനേരം കൊണ്ട് വൈറലായത്. ജനനനിരക്ക് കുറയുന്നത് തടയുക, നല്ല ശിശുപരിപാലനം എന്നിവയെല്ലാം അമ്മമാരോടൊപ്പം ജോലി ചെയ്യുമ്പോൾ കൈകാര്യം ചെയ്യേണ്ട നമ്മുടെ കർത്തവ്യങ്ങളാണെന്നും കിം പറയുന്നുണ്ട്.
രാജ്യത്തിന് കരുത്തേകാൻ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനാണ് തലസ്ഥാനമായ പ്യോങ്‌യാങിൽ അമ്മമാർക്കായി സംഘടിപ്പിച്ച പരിപാടിയിൽ കിം ആവശ്യപ്പെട്ടത്. ജനന നിരക്ക് വർദ്ധിപ്പിക്കുക, കുട്ടികൾക്ക് നല്ല സംരക്ഷണവും വിദ്യാഭ്യാസവും നൽകുക എന്നിവയെല്ലാം നമ്മുടെ കുടുംബ കാര്യങ്ങളാണ്. നമുക്കിത് അമ്മമാരോടൊപ്പം ഒരുമിച്ച് ചെയ്യണമെന്ന് കിം പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൽ അമ്മമാർ വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു.
Kim Jong Un CRIES while telling North Korean women to have more babies.
- Oli London (@OliLondonTV) December 5, 2023
The dictator shed tears while speaking at the National Mothers Meeting as he urged women to boost the countries birth rate. pic.twitter.com/J354CyVnln
ദേശീയ ശക്തിക്ക് കരുത്തുപകരുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിന് കിം നന്ദി പറഞ്ഞു. പാർട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങൾ ചെയ്യുന്നതിനിടെ ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം താനും അമ്മമാരെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം കൂട്ടിച്ചേർത്തു. 2023 ലെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ കണക്ക് അനുസരിച്ച് ഉത്തരകൊറിയയിലെ സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 1.8 ആണ്. ജനന നിരക്കിന്റെ കാര്യത്തിൽ ഉത്തരകൊറിയയുടെ അയൽരാജ്യങ്ങളും സമാനമായ പ്രശ്‌നം അനുഭവിക്കുന്നുണ്ട്.
ദക്ഷിണ കൊറിയയുടെ ജനന നിരക്ക് കഴിഞ്ഞ വർഷം 0.78 ആയി കുറഞ്ഞിരുന്നു. ജപ്പാനിൽ അത് 1.26 ആയി കുറഞ്ഞു.ജനന നിരക്ക് വർധിപ്പിക്കാനുള്ള നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട് ഈ രാജ്യങ്ങൾ.
ജനസംഖ്യാ വളർച്ച മന്ദഗതിയിലാക്കാൻ 1970 - 80 കളിൽ ഉത്തര കൊറിയ ജനന നിയന്ത്രണ പദ്ധതികൾ നടപ്പാക്കിയിരുന്നു. 1990കളുടെ മധ്യത്തിൽ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ക്ഷാമത്തിന് ശേഷം ഉത്തര കൊറിയയിൽ ജനസംഖ്യ കുറയാൻ തുടങ്ങി. ജനസംഖ്യയിലെ കുറവ് പരിഹരിക്കാൻ ഒട്ടേറെ ആനുകൂല്യങ്ങൾ നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് സൗജന്യ ഭവനം, സബ്സിഡികൾ, സൗജന്യ ഭക്ഷണം, മരുന്ന്, വീട്ടുപകരണങ്ങൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിങ്ങനെയാണ് നൽകുന്നത്.