മോസ്‌കോ: യുദ്ധത്തെ വിമർശിച്ച് കവിത ചൊല്ലിയ റഷ്യൻ കവിയെ ഏഴു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു കോടതി. ആർട്യോം കമർദീൻ എന്ന കവിയെ ആണ് വ്യാഴാഴ്ച മോസ്‌കോയിലെ ട്വെർസ്‌കോയി ജില്ലാകോടതി ശിക്ഷിച്ചത്. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ വിമർശിച്ച് കാവ്യശകലങ്ങൾ ചൊല്ലി എന്നതാണ് ആർട്യോമിനെതിരായ കുറ്റം. വിയോജിപ്പുകളെ നിശ്ശബ്ദമാക്കാൻ പുതിൻഭരണകൂടം സ്വീകരിച്ചുവരുന്ന കഠിനനടപടികളിൽ ഏറ്റവും ഒടുവിലത്തേതാണിത്.

2022 സെപ്റ്റംബറിൽ മോസ്‌കോയിലെ ഡൗൺടൗണിൽ പ്രശസ്ത കവി വ്‌ളാദിമിർ മയാകോവ്സ്‌കിയുടെ പ്രതിമയ്ക്കുസമീപം നടന്ന തെരുവുപരിപാടിയിലാണ് തന്റെ യുദ്ധവിരുദ്ധകവിത അദ്ദേഹം അവതരിപ്പിച്ചത്. അന്ന് പരിപാടിയിൽ പങ്കെടുത്ത് കവിത ഏറ്റുചൊല്ലിയ യെഗോർ ഷ്റ്റ്‌വോബ എന്നയാളെയും കോടതി അഞ്ചുവർഷം തടവിനുശിക്ഷിച്ചു.

ദേശസുരക്ഷയ്ക്ക് വെല്ലുവിളി, വിദ്വേഷപരാമർശം തുടങ്ങിയ കുറ്റങ്ങളാണ് കമർദീനുമേൽ ചുമത്തിയത്. കോടതിവിധി അപമാനകരമാണെന്ന് കമർദീന്റെ ഭാര്യ അലക്സാണ്ട്ര പൊപ്പോവ പ്രതികരിച്ചു. 2022 ഫെബ്രുവരി 22 മുതൽ കഴിഞ്ഞമാസംവരെ യുക്രൈൻയുദ്ധത്തെ വിമർശിച്ചതിന് 19,847 പേരാണ് റഷ്യയിൽ അറസ്റ്റിലായത്. ഇതിൽ 794 ആളുടെ പേരിൽ ക്രിമിനൽക്കുറ്റങ്ങൾ ചുമത്തി.