- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ വീസയിൽ നിയമം കർശനമാക്കി യുഎഇ, ഇന്ത്യക്കാർക്ക് തിരിച്ചടി
ദുബായ്: യുഎഇയിൽ ഇതര രാജ്യങ്ങളിൽ നിന്നുള്ളവർ സംരഭകരായ സ്ഥാപനങ്ങളിലെ തൊഴിൽ വീസയിൽ 20% മറ്റു രാജ്യക്കാർക്കു നൽകണമെന്ന നിയമം ഇന്നു മുതൽ കർശനമായി നടപ്പാക്കും. ഇതു സംബന്ധിച്ച് യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം കമ്പനികൾക്കു നിർദ്ദേശം നൽകി. 100 വീസയുള്ള കമ്പനിക്ക് 80 വീസകൾ സ്വന്തം രാജ്യക്കാർക്കു നൽകാമെങ്കിലും 20 എണ്ണം മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കു നൽകണം. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മാനവ വിഭവ മന്ത്രാലയത്തിന്റെ പോർട്ടലിൽ മാറ്റം വരുത്തിയതോടെ മലയാളികളുടേത് ഉൾപ്പെടെ ഒരാഴ്ചയ്ക്കിടെ നൽകിയ മിക്ക വീസ അപേക്ഷകളും അനുവദിച്ചിട്ടില്ല.
ഇന്ത്യൻ കമ്പനികളിൽ ഇതിനോടകം അനുവദനീയമായ 80% നിയമനങ്ങളും പൂർത്തിയായതിനാൽ, പുതിയ നിർദ്ദേശം തിരിച്ചടിയായതും ഇന്ത്യക്കാർക്കു തന്നെയാണ്. യുഎഇയിൽ ഇന്ത്യക്കാർക്കു വീസ നിരോധനം എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ നിരോധനമോ നിയന്ത്രണമോ അല്ലെന്നും വൈവിധ്യവൽക്കരണം ഉറപ്പാക്കുന്നതിനു നിലവിലുള്ള നിയമം കർശനമായി നടപ്പാക്കുകയാണെന്നും മന്ത്രാലയം വിശദീകരിച്ചു. കുടുംബ, സന്ദർശക, ഫ്രീലാൻസ് വീസകൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
അതേ സമയം ഇന്ത്യക്കാർക്ക് വിസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെച്ചുവെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്ന് ഈ രംഗത്തെ വിദഗ്ധരും ട്രാവൽ ഏജന്റുമാരും വ്യക്തമാക്കി. ഇന്ത്യക്കാർക്കും പാക്കിസ്ഥാകൾക്കും ബംഗ്ലാദേശികൾക്കും വിസ നൽകുന്നത് യുഎഇ നിർത്തിയെന്ന സന്ദേശം പ്രചരിച്ചിരുന്നു.
പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, യുഎഇയിലെ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴിൽ വിസ നൽകുന്നതിന് പകരം തൊഴിലാളികളിൽ വ്യത്യസ്തരാജ്യക്കാർ വേണമെന്ന അധികൃതരിൽ നിന്നുള്ള സന്ദേശം ലഭിച്ചതായി ട്രാവൽ ഏജന്റുമാർ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ദുബൈയിലെ ഒരു സ്ഥാപനം ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തെ സമീപിച്ചപ്പോൾ, സ്ഥാപനങ്ങളുടെ നിലവിലെ വിസ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്തരാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് നൽകണമെന്ന് അറിയിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഫ്രീസോൺ കമ്പനികൾ, ഗാർഹികത്തൊഴിലാളികൾ, നിക്ഷേപകർ, പാർട്ണർ വിസയിലുള്ളവർ എന്നിവർക്ക് ഇത് ബാധകമല്ല.
ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചാൽ മറ്റൊരു രാജ്യക്കാരനായ ജീവനക്കാരനെ നിയമിക്കാൻ ശ്രമിക്കണമെന്ന് കമ്പനികളോട് പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു ഇന്ത്യക്കാർക്ക് വിസ നൽകുന്നത് യുഎഇ നിർത്തിയെന്ന വ്യാജ സന്ദേശത്തിന് പിന്നിൽ. എന്നിരുന്നാലും യുഎഇയിലെ സ്ഥാപനങ്ങളിൽ ഏറെയും ഇന്ത്യൻ ജീവനക്കാരായതിനാൽ പുതിയ നിയമം ഇന്ത്യക്കാർക്ക് വെല്ലുവിളിയായേക്കുമെന്ന് വിലയിരുത്തലുണ്ട്.
റീഎൻട്രി കാലാവധി കഴിഞ്ഞാലും സൗദിയിൽ വിലക്കില്ല
അബുദാബി ന്മ റീഎൻട്രി വീസ (തിരിച്ചുവരാനുള്ള അനുമതി) കാലാവധി കഴിഞ്ഞ വിദേശികൾക്ക് ഏർപ്പെടുത്തിയ 3 വർഷത്തെ പ്രവേശനവിലക്ക് സൗദി അറേബ്യ ഒഴിവാക്കി. ഇതോടെ, സാധുതയുള്ള ഇഖാമ (താമസാനുമതി രേഖ) ഉണ്ടെങ്കിൽ സൗദിയിലേക്കു തിരിച്ചുവരാം. നേരത്തേ, സ്‌പോൺസർമാരുടെ അപേക്ഷയിൽ വിദേശ മന്ത്രാലയത്തിൽ നിന്നു ലഭിക്കുന്ന കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ തിരിച്ചുവരാൻ അനുമതി ലഭിച്ചിരുന്നുള്ളൂ. വിദേശത്തുനിന്നു തന്നെ റീഎൻട്രി വീസ ഓൺലൈനായി ദീർഘിപ്പിക്കാനും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയോ മറ്റേതെങ്കിലും കമ്പനിയുടെ സ്‌പോൺസർഷിപ്പിൽ പുതിയ വീസയിൽ എത്താനും പറ്റും.