- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോർജിയയിൽ അച്ഛൻ വിറ്റ ഇരട്ട സഹോദരിമാർ ജർമനിയിൽ നിന്നും അമ്മയെ കണ്ടെത്തി; ഒരേ പോലെയിരിക്കുന്ന ഏമിയും ഖാനോയും സഹോദരിമാരാണെന്ന് തിരിച്ചറിയാൻ സഹായിച്ചത് ടിക് ടോക്ക് വീഡിയോകൾ: പിന്നാലെ അമ്മയേയും കണ്ടെത്തി സഹോദരിമാർ

ടബിലിസി: ജോർജിയയിൽ അച്ഛൻ വിറ്റ ഇരട്ട സഹോദരിമാർ ജർമനിയിൽ നിന്നും തങ്ങളുടെ അമ്മയേയും കണ്ടെത്തി. ജനിച്ച് 19 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ഏമി ഖവിദിയയും ആനോ സർറ്റാനിയയുമാണ് വർഷങ്ങൾക്കിപ്പുറം സ്വന്തം അമ്മയേയും അന്വേഷിച്ച് കണ്ടെത്തിയത്. ജോർജിയയിൽ ജനിച്ച ഇരുവരും 19 വർഷത്തിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെയാണ് തങ്ങൾ ഇരട്ടകളാണെന്ന് തിരിച്ചറിഞ്ഞത്. വളർത്തി വലുതാക്കിയവർ സ്വന്തം മാതാപിതാക്കൾ അല്ലെന്ന് അറിഞ്ഞതോടെ സ്വന്തം മാതാപിതാക്കളെ അന്വേഷിച്ചു. മക്കളെ പിരിയേണ്ടിവന്നതിന്റെ കാരണം അമ്മ പറഞ്ഞ് അവർ അറിഞ്ഞു.
പ്രസവശേഷം അമ്മ അറിയാതെ അച്ഛൻ മക്കളെ വിൽക്കുക ആയിരുന്നു. അമ്മ രോഗബാധിതയായി മയക്കത്തിലായിരുന്ന സമയത്താണ് അച്ഛൻ ചോരക്കുഞ്ഞുങ്ങളെ രണ്ട്കുടുംബങ്ങൾക്കായി വിറ്റത്. കുഞ്ഞുങ്ങൾ മരിച്ചെന്നാണ് മയക്കമുണർന്നപ്പോൾ ആശുപത്രി അധികൃതർ അമ്മയോടു പറഞ്ഞിരുന്നത്. ഇരുവരും രണ്ടു കുടുംബങ്ങളിലായി യാതൊരു കുറവും ഇല്ലാതെ വളർന്നു.
12-ാം വയസ്സിൽ റിയാലിറ്റി ഷോയും ടിക്ടോക് വിഡിയോയും കണ്ടാണ് ഏമി ഖവിദിയയും ആനോ സർറ്റാനിയയും തന്നെപ്പോലെതന്നെ മറ്റൊരാൾ കൂടിയുണ്ടെന്ന് അറിഞ്ഞത്. 2021 ൽ ഇരുവരും കണ്ടുമുട്ടി. ജനിച്ചത് ഒരേ ആശുപത്രിയിലാണെന്നറിഞ്ഞപ്പോൾ തങ്ങൾ സഹോദരിമാരാണോയെന്നു സംശയമായി. ഇരുവർക്കും ഒരേ ജനിതക രോഗവുമുണ്ട്. തുടർന്ന്, വളർന്ന കുടുംബങ്ങളിൽ അന്വേഷിച്ചപ്പോഴാണ് ദത്തെടുക്കപ്പെട്ട വിവരം മനസ്സിലാക്കിയത്. യഥാർഥ ജനന സർട്ടിഫിക്കറ്റും പിന്നീട് ഇവർ കണ്ടെത്തി.
കിഴക്കൻ യൂറോപ്പിൽ പഴയ സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ടിരുന്ന രാജ്യമായ ജോർജിയയിലെ ആശുപത്രികളിൽനിന്ന് ഡോക്ടർമാരുടെ സഹായത്തോടെ ഇത്തരത്തിൽ ആയിരക്കണക്കിനു കുഞ്ഞുങ്ങളെ വിറ്റിട്ടുണ്ടെന്നാണ് ബിബിസി റിപ്പോർട്ട്. ഒരു ലക്ഷം മുതലായിരുന്നു ഒരു കുഞ്ഞിന് വിലയിട്ടിരുന്നത്. 2005 വരെ രാജ്യത്ത് പ്രസവശേഷം മോഷണംപോകുന്ന കുഞ്ഞുങ്ങളുടെ എണ്ണവും വലുതായിരുന്നു. ഒരുപോലുള്ള ഇരട്ടകളായിരുന്നതിനാൽ ഏമിക്കും ആനോയ്ക്കും പരസ്പരം കണ്ടെത്താനായെന്നു മാത്രം.

