കെന്റൺ: മൂന്ന് വയസ്സുകാരന്റെ കൈയിലിരുന്ന നിറതോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് രണ്ട് വയസ്സുള്ള സഹോദരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ നരഹത്യാ കേസെടുത്തു. കഴിഞ്ഞ ആഴ്ച യുഎസിലെ കെന്റൺ കൗണ്ടിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. മാതാപിതാക്കൾ വെടിയുണ്ട നിറച്ച തോക്ക് മൂന്ന് വയസുള്ള കുട്ടിക്ക് എടുക്കാൻ പാകത്തിന് വച്ചതാണ് ദുരന്തത്തിന് കാരണമൊന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.

ടിവിയിൽ സ്‌പൈഡർ മാൻ കാണുന്നതിനിടെ മേശവലിപ്പിൽ അച്ഛന്റെ തോക്ക് കണ്ടതായി മൂന്ന് വയസുകാരൻ പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. അനിയനെ വെടിവച്ചത് ആരാണെന്ന് ചോദിച്ചപ്പോൾ കുട്ടി നിഷ്‌ക്കളങ്കമായി 'ഞാൻ' എന്ന് മറുപടി നൽകി. തിര നിറച്ച തോക്ക് കുട്ടികൾക്ക് എടുക്കാൻ പാകത്തിന് വച്ച മാതാപിതാക്കൾ രണ്ട് വയസുകാരന്റെ ജീവൻ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു. മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് രണ്ട് വയസുകാരന്റെ മരണത്തിന് കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന് കെന്റൺ കൗണ്ടി കോമൺവെൽത്ത് അറ്റോർണി റോബ് സാൻഡേഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 22 -ാം തിയതിയാണ് സംഭവം. യുഎസിലെ കോവിങ്ണിലെ ഒരു വീട്ടിൽ വച്ച് രണ്ട് വയസുകാരന് വെടിയേറ്റു എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. കുട്ടിക്ക് അടിയന്തര സഹായം നൽകിയെങ്കിലും സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിൽ വച്ച് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ കുട്ടികളുടെ അമ്മയായ സെലീന ഫാരെൽ (23) സെക്കൻഡ് ഡിഗ്രി നരഹത്യ, കുറ്റവാളിയുടെ തോക്ക് കൈവശം വയ്ക്കൽ, ഉപേക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ നേരിടുകയാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സെലീന ഫാരെൽ ഒളിവിൽ കഴിയാൻ സഹായിച്ചതിന് കുട്ടികളുടെ അച്ഛൻ തഷൗൺ ആഡംസിനെതിരെ (21) സെക്കൻഡ് ഡിഗ്രി നരഹത്യ, അറസ്റ്റ് തടയാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.

പൊലീസ് എത്തുന്നതിനുമുമ്പ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ അമ്മ സെലീനയെ 25 -ാം തിയതി യുഎസ് മാർഷലുകൾ ഒരു ഹോട്ടൽ മുറിയിൽ നിന്ന് പിടികൂടുകയായിരുന്നു. എന്നാൽ, മകന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആഗ്രഹത്താൽ അറസ്റ്റ് വാറണ്ട് കാരണം ഒളിവിൽ പോവുകയായിരുന്നെന്ന് അവർ പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം വെടിയൊച്ച കേൾക്കുമ്പോൾ താനും സെലീനയും സ്വീകരണ മുറിയിൽ ഉണ്ടായിരുന്നതായി കുട്ടികളുടെ അച്ഛൻ ആഡംസ് പൊലീസിനോട് പറഞ്ഞു. കുട്ടിക്ക് വെടിയേറ്റെന്ന് തിരിച്ചറിഞ്ഞ ഉടനെ ആഡംസ് 911 വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.