- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡൊനീഷ്യയിൽ ഇടിമിന്നലേറ്റു ഫുട്ബോൾ താരം മരിച്ചു;
ജക്കാർത്ത: ഇൻഡൊനീഷ്യയിൽ സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റു ഫുട്ബോൾ താരം മരിച്ചു. ശരീരത്തിൽ ഇടിമിന്നലേറ്റതിനെത്തുടർന്ന് ഗ്രൗണ്ടിൽ വീഴുകയും ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിക്കുകയും ആയിരുന്നു. സുബാങ്ങിൽനിന്നുള്ള സെപ്റ്റെയ്ൻ രാഹർജ (35) ആണ് മരിച്ചത്. ഇടിമിന്നലേറ്റ് വീണ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഡൊനീഷ്യൻ സമയം വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
ഇടിമിന്നലേൽക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. മത്സരം ആവേശത്തിലേക്ക് ഉയരുമ്പോഴാണ് അപകടം. രണ്ട് എഫ്.എൽ.ഒ. എഫ്.സി. ബന്ദുങും എഫ്.ബി.ഐ. സുബാങ്ങും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിനിടെ രാഹർജയ്ക്ക് ഇടിയേൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ഇദ്ദേഹം ഗ്രൗണ്ടിൽ വീഴുന്നതും വീഡിയോയിൽ കാണാം. വീണ ഉടനെ ശ്വാസമുണ്ടായിരുന്നതായും പിന്നാലെ ആശുപത്രിയിലെത്തിച്ചതോടെ മരിക്കുകയുമായിരുന്നെന്നാണ് ഇൻഡൊനീഷ്യൻ മാധ്യമങ്ങൾ അറിയിക്കുന്നത്.
കളി നടന്ന ബന്ദുങ്ങിലെ സിലിവങ്ങി സ്റ്റേഡിയത്തിനു 300 മീറ്റർ മുകളിലെത്തിയ ഇടിമിന്നൽ കളിക്കാരനു മേൽ ആഘാതമേൽപ്പിക്കുകയായിരുന്നെന്ന് ഇൻഡൊനീഷ്യൻ കാലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞ വർഷം ബോജോനെഗരോവിൽ അണ്ടർ-13 മത്സരത്തിനിടെ കളിക്കുന്നതിനിടെ ഫുട്ബോൾ താരത്തിന് ഇടിമിന്നലേറ്റിരുന്നു. ഹൃദയസ്തംഭനമേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ജീവൻ രക്ഷപ്പെടുത്തുകയും ചെയ്തു.