- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിജ്ജാറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
ഒട്ടാവ : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കൊലപാതകം നടന്ന് ഒൻപതു മാസങ്ങൾക്കു ശേഷമാണ് കനേഡിയൻ മാധ്യമമായ സിബിസി ന്യൂസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. നിജ്ജാറിന്റേത് തികച്ചും ആസൂത്രിതമായ കൊലപാതകമാണെന്നും റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിജ്ജാറിനെ 'ഒളിച്ചോടിയ ഭീകരൻ' എന്നാണ് മുദ്ര കുത്തിയിരുന്നത്.
ആറ് അക്രമികളും രണ്ടു വാഹനങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. 2023 ജൂൺ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു നിജ്ജാറിന്റെ കൊലപാതകം. നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങൾ ഗുരുദ്വാരയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. നേരത്തേ വാഷിങ്ടൻ പോസ്റ്റ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ 90 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.
ഗുരുദ്വാരയുടെ പാർക്കിങ് സ്ഥലത്തുനിന്ന് ചാര നിറത്തിലുള്ള ട്രക്കിൽ നിജ്ജാർ പുറത്തേക്കു പോകുന്ന സമയത്തു തന്നെ ഒരു വെളുത്ത കാർ അവിടേക്കു വരുന്നുണ്ട്. നിജ്ജാറിന്റെ ട്രക്കിനു സമാന്തരമായാണു കാർ മുന്നോട്ടു നീങ്ങി. ട്രക്കിന്റെ വേഗത കൂട്ടുന്നതിനൊപ്പം തന്നെ കാറും കുതിച്ചു. കാർ സഞ്ചരിച്ച അതേ പാതയിലേക്കു ട്രക്കിനു കയറേണ്ടി വന്ന നിമിഷം, കാർ വേഗത കൂട്ടി നിജ്ജാറിന്റെ വാഹനത്തിനു കുറുകെ നിർത്തി. കാറിൽനിന്ന് അക്രമികൾ ചാടിയിറങ്ങുകയും ട്രക്കിന്റെ ഡ്രൈവർ സീറ്റിനു നേരെ വെടിയുതിർക്കുകയും ചെയ്തു. അതിന് ശേഷം പ്രതികൾ മറ്റൊരു കാറിൽ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തം.
നിജ്ജാറിനു നേരെ ആറുപേർ 50 തവണ വെടിവച്ചു. 34 വെടിയുണ്ടകൾ നിജ്ജാറിന്റെ ശരീരത്തിൽ തുളച്ചുകയറി. കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വിശ്വസീനയമായ തെളിവുണ്ടെന്നായിരുന്നു കനേഡിയൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. നിജ്ജാറിന്റെ കൊലപാതകത്തിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.