ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ആസിഫ് അലി സർദാരി (68) വീണ്ടും പാക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെയും പാക്കിസ്ഥാൻ മുസ്ലിം ലീഗ്- നവാസ് (പിഎംഎൽ-എൻ) പാർട്ടിയുടെയും സംയുക്ത സ്ഥാനാർത്ഥിയായിരുന്നു സർദാരി. സുന്നി ഇത്തഹാദ് കൗൺസിലിന്റെ മഹമ്മൂദ് ഖാൻ അച്ചാക്സായി ആയിരുന്നു എതിർ സ്ഥാനാർത്ഥി. സർദാരിക്ക് 255 വോട്ടും മഹമ്മൂദ് ഖാന് 119 വോട്ടും ലഭിച്ചു. പാക്കിസ്ഥാന്റെ 14ാമത്തെ പ്രസിഡന്റാണ് ആസിഫ് അലി സർദാരി.

ദേശീയ അസംബ്ലിയിലേക്കും നാല് പ്രവിശ്യ അസംബ്ലികളിലേക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഇലക്ടറൽ കോളജാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവാണ് ആസിഫ് അലി സർദാരി. 2008 മുതൽ 2013 വരെ പ്രസിഡന്റായിരുന്നു. സൈനികനല്ലാത്ത ഒരാൾ രണ്ടാവട്ടവും പാക്കിസ്ഥാൻ പ്രസിഡന്റ് പദവിയിലെത്തുന്നത് ഇതാദ്യമായാണ്.