ബുദാപെസ്റ്റ്: ഹംഗറിയിൽ മോട്ടോർസ്പോർട്ട് റാലിക്കിടെ കാർ നിയന്ത്രണംവിട്ട് കാണികൾക്കിടയിലേക്ക് ഇടിച്ചുകയറി നാലുപേർ മരിച്ചു. രണ്ട് കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. യാത്രയ്ക്കിടെ റോഡിൽവെച്ച് തെന്നിയ കാർ കാണികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഹംഗറിയിലെ രണ്ട് ദിവസത്തെ മോട്ടോർ റേസിങ് പരിപാടിയായ എസ്റ്റർഗോം ന്യെർജസ് റാലിക്കിടെയാണ് സംഭവം. അതേസമയം, മത്സരത്തിൽ പങ്കെടുത്ത കാറാണോ അപകടത്തിൽപ്പെട്ടതെന്നതിന് സ്ഥിരീകരണമില്ല. സംഭവസ്ഥലത്തേക്ക് ഉടൻതന്നെ രക്ഷാപ്രവർത്തനത്തിനായി എട്ട് ആംബുലൻസുകളും നാല് ഹെലിക്കോപ്ടറുകളുമെത്തിച്ചു. റേസിങ് നിർത്തിവയ്ക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതിൽ ഒരു കുട്ടിയുമുണ്ട്. ആറോളം പേരുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ ഹംഗേറിയൻ നാഷണൽ മോട്ടോർസ്പോർട്ട് അസോസിയേഷൻ (എം.എൻ.എ.എസ്.ഇസഡ്.) അനുശോചനം രേഖപ്പെടുത്തി.