അബുദാബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം തിങ്കളാഴ്ചയാണ് സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്.

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. റമദാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. അതേസമയം യുഎഇ സർക്കാർ പൊതുമേഖലാ ജീവനക്കാർക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക.

ഞായറാഴ്ചയാണ് യുഎഇ സർക്കാർ പൊതുമേഖലാ ജീവനക്കാർക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ എട്ട് തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രിൽ 15 മുതലാണ് പ്രവൃത്തി സമയം പുനരാരംഭിക്കുക. ശനിയും ഞായറും യുഎഇയിൽ ഔദ്യോഗിക വാരാന്ത്യ അവധി ദിവസങ്ങൾ ആയതിനാൽ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി ലഭിക്കും.

ശവ്വാൽ ഒന്നിനാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രിൽ എട്ട് മുതൽ അവധി ആരംഭിക്കും. രാജ്യത്ത് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധിയായിരിക്കുമിത്. പൊതുമേഖലാ ജീവനക്കാർക്ക് ഒരാഴ്ച നീളുന്ന ചെറിയ പെരുന്നാൾ അവധി ഷാർജയും ദുബൈയും പ്രഖ്യാപിച്ചിട്ടുണ്ട്.