പ്രാഗ്: നാലാം മാസത്തെ പരിശോധനയ്‌ക്കെത്തിയ ഗർഭിണിയെ ഡോക്ടർമാർ ആളുമാറി ഗർഭഛിദ്രം നടത്തി. പതിവുപരിശോധനക്കായി എത്തിയ പൂർണ ആരോഗ്യവതിയായ യുവതിക്ക് ആശുപത്രി ജീവനക്കാരുടെ അലംഭാവം മൂലം കുഞ്ഞു നഷ്ടമായി. ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലെ ബുലോവ്ക യൂണിവേഴ്സിറ്റി ആശുപത്രിയിൽ മാർച്ച് 25 നാണ് സംഭവം്. കുഞ്ഞിനെ നഷ്ടമായ യുവതി പൊലീസിൽ പരാതി നൽകി.

ഇരുകൂട്ടർക്കും ഭാഷ അറിയാത്തതിനാൽ ആശുപത്രിയിലെ ജീവനക്കാരും യുവതിയും തമ്മിലുള്ള ആശയവിനിമയത്തിൽ വന്ന അപാകത മൂലമാണ് അനിഷ്ടസംഭവമുണ്ടായതെന്നാണ് ആശുപത്രി അധികൃതർ നൽകിയ പ്രാഥമിക വിശദീകരണം. നഴ്സുമാർ, ഗൈനക്കോളജിസ്റ്റും അനസ്തേഷ്യോളജിസ്റ്റും ഉൾപ്പെടുന്ന ഡോക്ടർമാർ തുടങ്ങിയവരടങ്ങുന്ന ചികിത്സാസംഘമാണ് യുവതിക്ക് ഗർഭഛിദ്രം നടത്തിയത്. ആർക്കും തന്നെ രോഗി മാറിയ കാര്യം തിരിച്ചറിയാനായില്ല

മറ്റൊരു രോഗിക്കായി തീരുമാനിച്ചിരുന്ന ശസ്ത്രക്രിയ നടത്തിയതിലൂടെ യുവതിക്ക് ജനിക്കാനിരുന്ന കുഞ്ഞിനെ നഷ്ടമാവുകയായിരുന്നു.ചെക്ക് ഭാഷ സംസാരിക്കുകയോ അറിയുകയോ ചെയ്യുന്ന യുവതിയായിരുന്നെങ്കിൽ ഒരുപക്ഷേ അവർക്ക് താൻ നേരിടാൻ പോകുന്ന കാര്യത്തെക്കുറിച്ച് സൂചന ലഭിക്കുമായിരുന്നതായി ഗൈനക്കോളജിസ്റ്റും ചെക്ക് മെഡിക്കൽ ചേംബർ വൈസ് പ്രസിഡന്റുമായ ജാൻ പ്രദ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചെക്ക് സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത് കെയർ ചെയർമാൻ ഡേവിഡ് മാർക്സ് പറഞ്ഞു.

ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച മൂലം ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന രോഗിക്ക് പകരം മറ്റൊരു യുവതിക്ക് ശസ്ത്രക്രിയ നടത്തിയതായി ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി ബുലോവ്ക ആശുപത്രി വക്താവ് ഈവ സ്റ്റോലെജ്ഡ ലിബിഗെറോവ സിഎൻഎൻ പ്രൈമ ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ നടപടികൾ ജീവനക്കാർക്കെതിരെ ഉണ്ടാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.