ഹെൽസിങ്കി: സ്‌കൂളിൽ തോക്കുമായി എത്തിയ പന്ത്രണ്ടു വയസ്സുകാരൻ സഹപാഠിയെ വെടിവെച്ചു കൊന്നു. ഫിൻലൻഡിലെ വന്റാ നഗരത്തിലെ വിയത്തോള സെക്കൻഡറി സ്‌കൂളിലാണ് സംഭവം. വെടിവെയ്‌പ്പിൽ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. വെടിവച്ച ബാലനെ തോക്കു സഹിതം പൊലീസ് പിടികൂടി. എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഇന്നലെ രാവിലെ 9ന് ആയിരുന്നു ദാരുണ സംഭവം.

ബന്ധുവിന്റെ ലൈസൻസുള്ള തോക്കുമായി സ്‌കൂളിലെത്തിയ ബാലൻ സഹപാഠികൾക്ക് നേരെ വെടിവയ്ക്കുക ആയിരുന്നു. ഫിൻലൻഡിൽ കേസെടുക്കാനുള്ള കുറഞ്ഞ പ്രായം 15 ആണ്. വെടിവച്ച ബാലനിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ശിശു ക്ഷേമ വിഭാഗം അധികൃതർക്കു കൈമാറും. നായാട്ട് പ്രധാന വിനോദമായതിനാൽ 56 ലക്ഷം മാത്രം ജനസംഖ്യയുള്ള ഫിൻലൻഡിൽ 15 ലക്ഷത്തിലേറെ തോക്കു ലൈസൻസ് നൽകിയിട്ടുണ്ട്.

2007ൽ ടൂസുലയിലെ ഒരു സ്‌കൂളിൽ പതിനെട്ടുകാരൻ 9 പേരെ വെടിവച്ചുകൊന്നശേഷം സ്വയം വെടിവച്ചു മരിച്ച സംഭവമുണ്ടായി. 2008ൽ കൊഹയോകിയിലെ ഒരു കോളജിൽ ഇരുപത്തിരണ്ടുകാരൻ 10 പേരെ വെടിവച്ചു കൊന്നു. ഈ സംഭവങ്ങൾക്കുശേഷം തോക്കു ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ കർശനമാക്കിയിട്ടുണ്ട്.