മോസ്‌കോ: മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അണക്കെട്ട് തകർന്നു. റഷ്യയിലെ ഓറിൺബർഗ് മേഖലയിലാണ് സംഭവം. ജലം കുതിച്ചെത്തിയതോടെ പതിനായിരക്കണക്കിന് ആളുകളെ മാറ്റി താമസിപ്പിച്ചു. പർവ്വത നഗരമെന്ന് പേരുകേട്ട ഓർസ്‌കിലെ അണക്കെട്ടിന്റെ ഒരരു ഭാഗമാണ് തകർന്നത്. ക്രമാതീതമായി മഞ്ഞ് ഉരുകിയതോടെ അപ്രതീക്ഷിത ജലപ്രവാഹമാണ് ഉറൽ നദിയിലുണ്ടായത്. ഇതാണ് നദിയിലെ മൺ നിർമ്മിതമായ അണക്കെട്ട് തകരാനിടയാക്കിയത്.

വെള്ളം കുതിച്ചെത്തിയതോടെ പ്രളയക്കെടുതിയിലായ യുറാൽ പർവ്വത മേഖലയിൽ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. നേരത്തെ ഒറിൺബർഗ് മേഖലയിൽ മഞ്ഞുരുകുന്നത് മൂലം പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളപ്പൊക്ക മേഖലയിൽ നാലായിരം വീടുകളും പതിനായിരത്തോളം താമസക്കാരുമാണ് ഉള്ളത്.

ഓർസ്‌കിലെ അണക്കെട്ട് പൊട്ടിയ പ്രദേശത്തെ ജോലികൾ തുടരുകയാണെന്നാണ് റഷ്യൻ എമർജൻസി മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയിൽ വിശദമാക്കിയത്. ഓർസ്‌ക് മേഖലയിലെ മൂന്ന് ജില്ലകളിലെ രണ്ടിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണെന്നും റഷ്യൻ മന്ത്രാലയം വിശദമാക്കി. ഏപ്രിൽ അഞ്ചിനാണ് മൺ നിർമ്മിതമായ അണക്കെട്ട് തകർന്നത്. 300ഓളം വീടുകൾ ഇതിനോടകം പ്രളയജലം വിഴുങ്ങിയതായും മേയർ വിശദമാക്കി.