ദുബായ്: ഗൾഫിലെങ്ങും ഇടിമിന്നലോടുകൂടിയ കനത്തമഴയും ആലിപ്പഴവർഷവും. ഒപ്പം ശക്തമായ കാറ്റും എത്തിയതോടെ ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെ ശക്തിപ്രാപിച്ചതോടെ പലയിടത്തും വെള്ളപ്പൊക്കവും ആയി. യു.എ.ഇ., ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് മഴ അതിശക്തമായത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു. സ്‌കൂൾപഠനം ഓൺലൈനാക്കിയിരിക്കുകയാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ വെള്ളപ്പൊക്കത്തിൽ ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകൾ ഇടിഞ്ഞുതാഴ്ന്നു. അസ്ഥിര കാലാവസ്ഥയിൽ വിമാനസർവീസുകളിലും തടസ്സമുണ്ടായി. ദുബായ് വിമാനത്താവളത്തിൽ 45 വിമാനങ്ങൾ റദ്ദാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് വിവരം.

വിവിധ ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ദുബായ്, അബുദാബി തീരപ്രദേശങ്ങളിലെല്ലാം കാറ്റ് ശക്തമായിരുന്നു. ഒമാനിലെ പേമാരിയിൽ 18 പേരാണ് ഇതുവരെ മരിച്ചത്. ഇതിൽ 10 പേർ സ്‌കൂൾവിദ്യാർത്ഥികളാണ്. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. ഇതുവരെയുള്ള നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല.രണ്ടുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാവകുപ്പ് അറിയിച്ചു. മുൻകരുതൽ സ്വീകരിച്ചിരുന്നതുകൊണ്ട് വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി.

കനത്തമഴയിൽ ദുബായ് വിമാനത്താവളം 25 മിനിറ്റ് പ്രവർത്തനം നിർത്തിവെച്ചു. 45 വിമാനങ്ങൾ റദ്ദാക്കി. യു.എ.ഇ.യിൽ വ്യാപകനാശനഷ്ടമാണുണ്ടായത്. ഒട്ടേറെ റോഡുകൾ തകർന്നു. ദുബായ് മെട്രോ സ്റ്റേഷനിൽ വെള്ളം കയറി. താമസസ്ഥലങ്ങളും വെള്ളത്തിലായി.