ന്യൂയോർക്ക്: യു.എസ്. മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിചാരണ നടക്കവേ കോടതിമുറിക്കുപുറത്ത് യുവാവ് തീകൊളുത്തി മരിച്ചു. ഫ്‌ളോറിഡ സ്വദേശിയായ മുപ്പതുകാരൻ മാക്‌സ് അസാരെല്ലായാണ് മരിച്ചത്. ന്യൂയോർക്കിലെ കോടതിയിൽ ട്രംപിനെതിരെയുള്ള രതിച്ചിത്ര നടി സ്റ്റോമി ഡാനിയേൽസുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നടക്കവെയാണ് സംഭവം.

വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 1.30-ഓടെ കോടതിവളപ്പിലെത്തിയ ഇയാൾ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതെന്നു പറഞ്ഞ് ലഘുലേഖകൾ ഉയർത്തിക്കാട്ടി. ഇത് ചുറ്റും വിതറിയശേഷം ദേഹത്തു തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സമയം ട്രംപിന്റെ അനുയായികൾ കോടതിക്കുപുറത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു.

ലഘുലേഖകളിലൊന്നിൽ 'ദുഷ്ടനായ കോടീശ്വരൻ' എന്നെഴുതിയിരുന്നെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഫ്‌ളോറിഡയിൽനിന്ന് മാക്‌സ് കഴിഞ്ഞദിവസമാണ് ന്യൂയോർക്കിലെത്തിയതെന്നാണ് സൂചന. ഇയാൾ ട്രംപിനെയോ കേസിൽ പ്രതികളായ മറ്റുള്ളവരെയോ ലക്ഷ്യംവെച്ചല്ല എത്തിയതെന്ന് പൊലീസ് പറഞ്ഞു.

2016-ലെ തിരഞ്ഞെടുപ്പുസമയത്ത്, വിവാഹേതരലൈംഗികബന്ധം മറച്ചുവെക്കാൻ രതിച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് പണം നൽകിയെന്നതാണ് ട്രംപിന്റെ പേരിലുള്ള കേസ്. ഒരു ക്രിമിനൽക്കേസിൽ കുറ്റവിചാരണ നേരിടുന്ന ആദ്യ യു.എസ്. മുൻപ്രസിഡന്റുകൂടിയാണ് അദ്ദേഹം.