മാസ് നേതാവ് യാഹ്യാ സിൻവർ ഗസ്സയിലെ റഫായിൽ നിന്ന് രക്ഷപ്പെട്ടതായി സൂചന. പ്രമുഖ ഇസ്രയേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേൽ ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സിൻവർ റഫായിൽ നിന്ന് മുങ്ങി ഇപ്പോൾ ഖാൻയുനീസിലെ ഹമാസ് തീർത്ത ഭൂഗർഭ അറകളിൽ എവിടെയോ ഒളിച്ചിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.

ഇസ്രയേൽ ഗസ്സയിലെ റഫായിൽ സൈനിക നടപടികൾ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരം ഒരു വെളിപ്പെടുത്തൽ പുറത്തു വരുന്നത്. ഗസ്സയിലെ ഹമാസ് തീവ്രവാദികളുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ റഫായിൽ ഇപ്പോൾ ഇസ്രയേൽ കരസേന വ്യാപകമായ ആക്രമണമാണ് നടത്തുന്നത്. വ്യോമസേനയെ ഉപയോഗിച്ച് മേഖലയിൽ ബോബാക്രമണം നടത്തുന്നത് സാധാരണക്കാരായ ജനങ്ങളെ ദോഷകരമായി ബാധിക്കും എന്നതിനാലാണ് ഇപ്പോൾ ഇസ്രയേൽ കരസേനയെ മേഖലയിൽ കൂടുതലായി നിയോഗിച്ചിരിക്കുന്നത്.

ഇസ്രയേൽ കുറേ നാൾ മുമ്പ് ഗസ്സയിലെ ഹമാസിന്റെ പ്രമുഖ നേതാവായ മർവാൻ ഇസയെ വധിച്ചിരുന്നു. സംഘടനയിലെ ഉന്നതരിലെ മൂന്നാം സ്ഥാനക്കാരനായിരുന്നു ഇയാൾ. എന്നാൽ യാഹ്യാസിൻവറിനേയും ഇയാളുടെ സഹായി മുഹമ്മദ് ദെയ്ഫിനേയും പിടികൂടാൻ ഇസ്രയേൽ സൈന്യം നടത്തിയ നീക്കങ്ങളൊന്നും ഇനിയും ഫലം കണ്ടിട്ടില്ല.

കഴിഞ്ഞ പെബ്രുവരിയിൽ യാഹ്യാ സിൻവറും കുടുംബവും ഒരു ഭൂഗർഭ ടണലിലൂടെ സഞ്ചരിക്കുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. എന്നാൽ ഇത് പുതിയതാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബർ ഏഴിലെ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഇയാളെ പിടിക്കാൻ കഴിയാത്തത് ഇസ്രയേലിനെ പോലെ ശക്തമായ രഹസ്യാന്വേഷണ സംവിധാനങ്ങളുള്ള ഒരു രാജ്യത്തിന് അങ്ങേയറ്റം തിരിച്ചടിയായി മാറിയ സാഹചര്യത്തിലാണ് ഇപ്പോൾ എന്ത് വില കൊടുത്തും യാഹ്യാ സിൻവറിനെ പിടികൂടാൻ ഇസ്രയേൽ കരുക്കൾ നീക്കുന്നത്.