ടൊറന്റോ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ. കാനഡയിലെ ബ്രാപ്റ്റണിൽ താമസക്കാരനായ 22 വയസ്സുകാരനായ അമൻദീപ് സിങാണ് അറസ്റ്റിലായത്. കൊലക്കുറ്റം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ അമൻദീപിനെതിരെ ചുമത്തി. അമൻദീപ് മറ്റൊരു കേസിൽ നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്.

കേസിൽ, കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തതിരുന്നു. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന്നു കാനഡയിലെ സിടിവി ചാനൽ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ജൂൺ 18നാണു കാനഡയിൽവച്ച് നിജ്ജാറിനെ വെടിവച്ചു കൊന്നത്. കാനഡ യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണു ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു വെടിയേറ്റിരുന്നു. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു നിജ്ജാർ.