അബുദാബി: രണ്ട് ദിവസത്തെ ദക്ഷിണ കൊറിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സിയോളിലെത്തി. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. യുഎഇയും കൊറിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുമെന്ന് സാമൂഹിക മാധ്യമ പോസ്റ്റിൽ ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.

അതേസമയം ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 30ന് ചൈന സന്ദർശിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. സാമ്പത്തിക, വികസന, സാംസ്‌കാരിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തും. ചൈന യുഎഇ നയതന്ത്ര ബന്ധത്തിന്റെ 40-ാം വാർഷിക ആഘോഷ പരിപാടിയിലും ശൈഖ് മുഹമ്മദ് പങ്കെടുക്കും. ചൈനയും അറബ് രാജ്യങ്ങളുമായുള്ള സഹകരണ ഫോറത്തിന്റെ മന്ത്രിതല സമ്മേളനത്തെയും ശൈഖ് മുഹമ്മദ് അഭിസംബോധന ചെയ്യും.