- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഫയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം
ജറുസലം: റഫയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം. തെക്കൻ ഗസ്സാ മുനമ്പിൽ ദിവസവും 12 മണിക്കൂർ താൽകാലിക വെടിനിർത്തലുണ്ടാകുമെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രഖ്യാപനം. മേഖലയിലെ സാധാരണക്കാർക്കുള്ള സന്നദ്ധസംഘടനകളുടെ സഹായങ്ങൾ സുഗമമായി എത്തിക്കുന്നതിനു വേണ്ടിയാണിത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദിവസവും രാവിലെ 8 മണിമുതൽ വൈകിട്ട് 7 മണിവരെ റഫയിൽ യുദ്ധം മരവിപ്പിക്കുമെന്നും സൈന്യം പറഞ്ഞു. മേഖലയിലേക്ക് സഹായവുമായെത്തുന്ന ട്രക്കുകൾക്ക് റഫയിലേക്കുള്ള പ്രധാന പ്രവേശനമാർഗമായ കരേം ഷാലോം കടക്കാനും സലാ അ ദിൻ ദേശീയപാതയിലൂടെ പോകാനും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വെടിനിർത്തൽ.
മേയിൽ ഇസ്രയേൽ സൈന്യം റഫയിലേക്ക് കടന്നതുമുതൽ കരേം ഷാലോം വഴിയുള്ള സഹായനീക്കം പ്രതിസന്ധിയിലായിരുന്നു. ദിവസവും 500 ട്രക്ക് സഹായം വേണ്ടിടത്ത് മെയ് 6 മുതൽ ജൂൺ 6 വരെ 68 ട്രക്കുകൾ മാത്രമാണെത്തിയത്.
റാഫ അതിർത്തിയോട് ചേർന്നുള്ള തെക്കൻ ഗസ്സയിൽ മാസങ്ങൾക്കിടെ ഇസ്രയേൽ സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഹമാസിനെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം 307 ആയി.
കോംബാറ്റ് എഞ്ചിനീയറിങ് കോർപ്‌സിലെ ഡെപ്യൂട്ടി കമ്പനി കമാൻഡറായ 23 കാരനായ ക്യാപ്റ്റൻ വാസിം മഹ്‌മൂദാണ് തങ്ങളുടെ സൈനികരിൽ ഒരാളെന്ന് സൈന്യം തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ വിശദാംശങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേൽ സൈന്യം പറയുന്നതനുസരിച്ച്, രാത്രികാല പ്രവർത്തനത്തെത്തുടർന്ന് സൈനികർക്ക് വിശ്രമിക്കാനായി പിടിച്ചെടുത്ത കെട്ടിടങ്ങളിലേക്ക് പോകുമ്പോൾ ഒരു കവചിത കോംബാറ്റ് എഞ്ചിനീയറിങ് വെഹിക്കിളിനുള്ളിൽ (സിഇവി) സൈനികരെല്ലാം കൊല്ലപ്പെട്ടു. വാഹനവ്യൂഹം പുരോഗമിക്കുന്നതിനിടെ വലിയ സ്ഫോടനം ഉണ്ടായതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.