- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക തൊഴിലാളിക്ക് അയച്ച സന്ദേശം ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടു; ആപ്പിളിനെതിരെ കേസ്
ലണ്ടൻ: ഐ ഫോണിൽ നിന്നും ലൈംഗിക തൊഴിലാളിക്ക് അയച്ച സന്ദേശം ഡിലീറ്റ് ചെയ്തിട്ടും ഐമാകിൽ ഭാര്യ കണ്ട സംഭവത്തിൽ ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്ത് യുവാവ്. ഭാര്യ വിവാഹ മോചനം നേടി പോയതോടെയാണ് യുവാവ് ആപ്പിളിനെതിരെ തിരിഞ്ഞത്. ഐഫോണിൽനിന്ന് പെർമനന്റായി ഡിലീറ്റ് ചെയ്യപ്പെട്ടെന്ന് വിശ്വസിച്ച സന്ദേശം ഭാര്യ കാണാനിടയായതാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്ന് യുവാവ് പറയുന്നു. ഇംഗ്ലണ്ടിൽനിന്നുള്ള വ്യവസായിയാണ് പരാതിക്കാരനായ യുവാവ്.
ആരാണ് മെസേജ് അയച്ചതെന്ന് തിരിച്ചറിയാതിരിക്കാൻ ആപ്പിൾ ഡിവൈസുകളിലുള്ള ഐമെസേജ് വഴിയാണ് യുവാവ് ലൈംഗിക തൊഴിലാളികളുമായി ആശയവിനിമയം നടത്തിയിരുന്നത്. ഫോണിലും ഐമാകിലും ഒരേ ആപ്പിൾ ഐ.ഡി ആയിരുന്നതിനാൽ, രണ്ടിലും ഒരുമിച്ച് ഉപയോഗിക്കാനാവുന്ന വിധത്തിലാണ് ഐമെസേജ് സജ്ജീകരിച്ചിരുന്നത്. ഐഫോണിൽനിന്ന് ചാറ്റ് വിവരങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും ഐമാകിൽനിന്ന് അപ്രത്യക്ഷമായിരുന്നില്ല. ഫോണിൽ നിന്നും ചാറ്റ് ഡിലീറ്റ് ചെയ്യുമ്പോൾ ഐമാക്കിലും ഡിലീറ്റ് ആകുമെന്നാണ് യുവാവ് കരുതിയിരുന്നത്. എന്നാൽ അത് സംഭവിച്ചില്ല.
ഭർത്താവിന്റെ സന്ദേശങ്ങൾ കണ്ടെത്തിയതോടെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകുക ആയിരുന്നു. കേസിന് 50 ലക്ഷം പൗണ്ടിലധികം ചെലവായെന്നും വിവാഹമോചനം വേദനാജനകമായിരുന്നെന്നും ഇയാൾ പറഞ്ഞു. സന്ദേശങ്ങൾ കണ്ടെത്തിയില്ലെങ്കിൽ വിവാഹ മോചനം ഉണ്ടാകില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച യുവാവ്, ആപ്പിൾ ഡിവൈസാണ് തന്റെ ജീവിതം കീഴ്മേൽ മറിച്ചതെന്നും ആരോപിച്ചു.
ഒരു ഡിവൈസിൽനിന്ന് ഡിലീറ്റ് ചെയ്താൽ എല്ലാ ഡിവൈസിലും മെസേജ് ഡിലീറ്റ് ആവില്ലെന്ന വിവരം ആപ്പിൾ ഉപയോക്താക്കളെ അറിയിച്ചില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു. ഒരു സന്ദേശം ഡിലീറ്റ് ചെയ്താൽ അത് പൂർണമായി ഇല്ലാതായെന്ന് ഉറപ്പാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇയാൾ പറഞ്ഞു.