- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ശക്തമായ മഴ: വെള്ളപ്പൊക്കത്തിൽ മലയാളി ഉൾപ്പെടെ 12 മരണം
മസ്‌ക്കറ്റ്: ഒമാനിൽ ശക്തമായ മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ ഒരു മലയാളിയടക്കം 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനിൽകുമാർ സദാനന്ദനാണ് മരിച്ചത്. സൗത്ത് ഷർക്കിയിൽ മതിലിടിഞ്ഞ് വീണാണ് സുനിൽകുമാർ മരിച്ചത്. മരിച്ചവരിൽ 9 വിദ്യാർത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉൾപ്പെടുന്നുവെന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ കാണാതായ എട്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നു ഒമാൻ വാർത്താ ഏജൻസി(ഒഎൻഎ) റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. നേരത്തെ അൽ മുദൈബിയിലെ വാദി അൽ ബത്തയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വെള്ളപ്പൊക്കത്തിലും റോഡുകളിലും സബ് വേകളിലും സ്‌കൂളുകളിലും റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. വെള്ളത്തിനടിയിലായ പല സ്ഥലങ്ങളിൽ നിന്നും താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വെള്ളപ്പൊക്ക സാഹചര്യത്തിൽ മസ്‌കത്ത്, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ, അൽ ദഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകൾക്ക് ഏപ്രിൽ 15 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.