റോം: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിക്കാരോട് കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. ജനനങ്ങളുടെ എണ്ണമാണ് മനുഷ്യരുടെ പ്രതീക്ഷയുടെ സൂചകം. കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെക്കുറിച്ചുള്ള മോഹം നഷ്ടമാകുന്നുവെന്ന് കുടുംബജീവിതം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ കൂട്ടായ്മയിൽ പാപ്പ പറഞ്ഞു.

സ്വാർഥത, ഉപഭോഗസംസ്‌കാരം, വ്യക്തിമാഹാത്മ്യവാദം എന്നിവ ആളുകളെ തൃപ്തരും ഏകാകികളും അസന്തുഷ്ടരുമാക്കിയതാണ് പ്രശ്‌നമെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
കുട്ടികളില്ലാത്ത, പട്ടികളെയും പൂച്ചകളെയും പോലുള്ള വസ്തുക്കളെ നിറച്ച വീടുകൾ വളരെ ദുഃഖം നിറഞ്ഞയിടങ്ങളാക്കും. അതിനാൽ, ദീർഘകാലത്തേക്കുള്ള കാര്യക്ഷമവും ധീരവും മൂർത്തവുമായ തീരുമാനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 10 വർഷമായി യൂറോപ്പിലെ ജനനനിരക്ക് 1.5 ആയി നിൽക്കുന്ന പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ ആഹ്വാനം. തുർച്ചയായ 15-ാം വർഷവും ഇറ്റലിയിൽ ജനനനിരക്ക് റെക്കോഡ് താഴ്ചയിലാണ്. 3.79 ലക്ഷം കുഞ്ഞുങ്ങളാണ് കഴിഞ്ഞവർഷം അവിടെ ജനിച്ചത്. 2033-ഓടെ വർഷം അഞ്ചുലക്ഷം ജനനങ്ങളെങ്കിലും വേണമെന്ന് ആഹ്വാനം ചെയ്തുള്ള പ്രചാരണത്തിലാണ് ഇറ്റലിയിലെ ജോർജിയ മെലോണിയുടെ വലതുപക്ഷസർക്കാർ.