ഡബ്ലിൻ: കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സമരം ഇന്ന് നോർത്തേൺ അയർലൻഡ് ദർശിക്കും. നഴ്സുമാരും, അദ്ധ്യാപകരും, ബസ്സ് ഡ്രൈവർമാരും ഉൾപ്പടെ 1 ലക്ഷത്തിലേറെ പൊതുമേഖലാ ജീവനക്കാരാണ് ഇന്ന് പണി മുടക്കുന്നത്. വേതനവുമായി ബന്ധപ്പെട്ട തർക്കത്തിൽ, 16 യൂണിയനുകളാണ് എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള ഈ സമരത്തിൽ പങ്കെടുക്കുന്നത്. ബസ്സുകളും ട്രെയിനുകളും നിശ്ചലമാകുമ്പോൾ സ്‌കൂളുകൾ അടഞ്ഞു കിടക്കും. ആരോഗ്യ സംരക്ഷണ മേഖലയിലും കാര്യമായ പ്രവർത്തന തടസ്സങ്ങൾ ഉണ്ടാകും.

ബെൽഫാസ്റ്റ്, ലണ്ടൻഡെറി, ഒമാഗ്, എന്നിസ്‌കില്ലെൻ തുടങ്ങി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും സമരം ചെയ്യുന്ന തൊഴിലാളികൾ റാലികൾ സംഘടിപ്പിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെ അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

വേതന വർദ്ധനവുമായി ബന്ധപ്പെട്ടതർക്കങ്ങൾ മൂർച്ഛിച്ചതാണ് ഇപ്പോൾ സമരത്തിൽ കലാശിച്ചിരിക്കുന്നത്.നോർത്തേൺ അയർലൻഡിലെ പൊതുമേഖലാ ജീവനക്കാർക്ക്, സമാനമായ തസ്തികകളിൽ യു കെയിൽ മറ്റ് അംഗരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരേക്കാൾ കുറവ് വേതമാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം ജീവിത ചെലവ് വർദ്ധിച്ചതും കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വവുമെല്ലാം സമരത്തിന് കാരണങ്ങളായി.

സാധാരണ ജീവിതത്തെ ഈ സമരം വ്യാപകമായി തന്നെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ആരോഗ്യ സംരക്ഷണമേഖലയിൽ പരിമിതമായ സേവനം മാത്രമെ ലഭ്യമാകുകയുള്ളു. അതുകൊണ്ടു തന്നെ അപകടങ്ങൾ പോലുള്ളവ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. കീമോപതി ഉൾപ്പടെയുള്ള കാൻസർ ചികിത്സകൾ പോലും മാറ്റിവയ്ക്കും. എന്നാൽ എമർജൻസി കെയർ സൗകര്യം ലഭ്യമാകും.

അതുപോലെ പൊതു ഗതാഗത സംവിധാനങ്ങളും ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലെത്തും. അതുകൊണ്ടു തന്നെ അത്യാവശ്യമല്ലാത്ത യാത്രകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുന്നത് തന്നെയാണ് നല്ലത്. മഞ്ഞുവീഴ്‌ച്ചയുടെ പശ്ചാത്തലത്തിൽ റോഡിലുണ്ടാകുന്ന തടസ്സങ്ങൾ നീക്കം ചെയ്യുന്നതും തടസ്സപ്പെട്ടേക്കാം. അതിനാൽ തന്നെ സ്വന്തം വാഹങ്ങളിൽ ആണെങ്കിൽ പോലും അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവയ്ക്കുക.