ലണ്ടൻ: ബ്രിട്ടനിലെ കൗമാരത്തിനിതെന്ത് സംഭവിച്ചു എന്നാണ് ഇപ്പോൾ ഉയർന്ന ആശങ്ക. കൗമാരക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിച്ചു വരുന്നതിനിടെ ഇപ്പോഴിതാ സ്‌കൂൾ വിദ്യാർത്ഥികളുമായുള്ള സംഘട്ടനത്തിൽ ഒരു അദ്ധ്യാപകൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുമായി. കിഴക്കൻ ലണ്ടനിലെ ഷർമാൻസ് ഫാർമസിയിലെ ജീവനക്കാർ പറയുന്നത്മ് ഷോപ്പിൽ എത്തിയ 40 കാരനായ അദ്ധ്യാപകനെ പുറകിൽ നിന്നും കുത്തുകയായിരുന്നു.

ന്യുഹാമിലെ വുഡ്ഗ്രേഞ്ച് റോഡിൽ കത്തിക്കുത്ത് നടന്നതിനെ തുടർന്ന് വൈകിട്ട് 5.25 നായിരുന്നു പൊലീസിനെ വിളിച്ചു വരുത്തിയത്. ഫാർമസിയിൽ ഡിസ്പെൻസർ ആയി ജോലി ചെ4യ്യുന്ന സ്ത്രീ പറഞ്ഞത്, താൻ സ്‌കൂളിലെ അദ്ധ്യാപകൻ ആണെന്നും, തനിക്ക് കുത്തേറ്റു, സഹായിക്കണം എന്നും അലറിക്കരഞ്ഞുകൊണ്ട് അയാൾ കടയിലേക്ക് ഓടിക്കയറുകയായിരുന്നു എന്നാണ്. നിലത്ത് മുഴുവൻരക്തം കിടക്കുന്നുണ്ടായിരുന്നു. പുറകിലാണ് കുത്തേറ്റത്.

ഫാർമസി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. റോഡിന്റെ മറുപുറത്തുള്ള ഒരു ഹെൽത്ത് സെന്ററിലെ ജീവനക്കാരനും സഹായത്തിനെത്തിയിരുന്നു. എമർജൻസി ജീവനക്കാർ ഉടനടി എത്തുകയും കുത്തേറ്റ വ്യക്തിയെ ആശുപത്രിയിലാക്കുകയും ചെയ്തു എന്നും ഫാർമസി ജീവനക്കാർ പറഞ്ഞു.

ആക്രമി സംഘത്തിലെ ചില സ്‌കൂൾ യൂണിഫോമിൽ ആയിരുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. കുത്തേറ്റ വ്യക്തി ആ സ്‌കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യാൻ ആരംഭിച്ചിട്ട് രണ്ട് ആഴ്‌ച്ച മാത്രമെ ആകുന്നുള്ളു. റോഡിന് എതിർഭാഗത്തുള്ള ലോർഡ് ലിസ്റ്റർ ഹെൽത്ത് സെന്ററിലെ ഫിസിഷ്യനായ ഗുൽസരിം ഇക്‌ബാൽ പറഞ്ഞത്, താൻ ജോലി ചെയ്യുന്നതിനിടയിൽ പുറത്ത് ബഹളം കേട്ടു എന്നാണ്. ഒരു പുരുഷനും കുട്ടികളുടെ സംഘവും തമ്മിലുള്ള തർക്കമായിട്ടാണ് തോന്നിയതെന്നും ഇക്‌ബാൽ പറഞ്ഞു.

ഒരു സാധാരണ വാക്കുതർക്കം മാത്രമാണതെന്നാണ് കരുതിയിരുന്നതെന്നും അയാൾ പറയുന്നു. എന്നാൽ, പെട്ടെന്ന് ഒരാളുടെ നിലവിളി കേൾക്കുകയും എന്താണ് സംഭവിച്ചതെന്നറിയാൻ താൻ റോഡിലേക്ക് ഇറങ്ങുകയുമായിരുന്നു എന്നും അയാൾ പറഞ്ഞു. അപ്പോഴേക്കും കുട്ടികളുടെ സംഘം സ്ഥലം വിട്ടിരുന്നു. ഫാർമസിക്ക് മുൻപിൽ ആൾക്കൂട്ടം കണ്ട് അവിടെയെത്തുമ്പോൾ നിലത്ത് മുഴുവൻ ചോര കെട്ടികിടക്കുകയായിരുന്നു.

അതിനിടയിലാണ് കുത്തേറ്റ വ്യക്തി താൻ അദ്ധ്യാപകനാണെന്ന് പറയുന്നത്. രണ്ടാഴ്‌ച്ച മാത്രമെ അവിടെ ജോലി ആരംഭിച്ചിട്ട് എന്നതിനാൽ, എല്ലാ കുട്ടികളെയും അറിയില്ലെന്നും അയാൾ പറയുന്നു. അക്രമികളിൽ ചിലർ സ്‌കൂൾ യൂണിഫോമിലായിരുന്നു. നീളമുള്ള കത്തി ഉപയോഗിച്ചാണ് കുത്തിയത് എന്ന് അദ്ധ്യാപകൻ പറഞ്ഞു. എന്നാൽ, കുത്താൻ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെടുത്തിട്ടില്ല. 40 വയസ്സിനടുത്ത് പ്രായം വരുന്ന ഒരു ആഫ്രിക്കൻ വംശജനാൺ' കുത്തേറ്റ വ്യക്തി എന്നും ഇക്‌ബാൽ പറഞ്ഞു.