വാഷിങ്ടൺ: ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തെ വമ്പനായ ടെസ്ലയുടെ ഫാക്ടറിയിൽ തകരാറിലായ റോബോട്ടിന്റെ 'ആക്രമണത്തിൽ' സോഫ്റ്റ്‌വെയർ എൻജിനിയർക്ക് പരിക്കേറ്റു. ടെക്സസിലെ ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഗിഗ ടെക്സാസ് ഫാക്ടറിയിലാണ് കാറിന്റെ ഭാഗങ്ങൾ നീക്കാൻ രൂപകൽപ്പന ചെയ്ത റോബോട്ട് ജീവനക്കാരനെ ആക്രമിച്ചത്. എൻജിനിയറെ ഞെരിക്കുകയും പുറത്ത് ലോഹനഖങ്ങൾ ആഴ്‌ത്തുകയും ചെയ്തെന്നാണ് റിപ്പോർട്ട്. രണ്ടു വർഷം മുമ്പുണ്ടായ സംഭവം 2021ലെ ഇൻജുറി റിപ്പോർട്ടിലാണ് പുറത്തുവരുന്നത്.

റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ് ജോലികളിലായിരുന്നു ജീവനക്കാരൻ. അറ്റകുറ്റപ്പണികൾക്കായി രണ്ട് റോബോട്ടുകൾ പ്രവർത്തനരഹിതമാക്കിയപ്പോൾ, മൂന്നാമത്തേത് അബദ്ധത്തിൽ പ്രവർത്തനക്ഷമമായതോടെയാണ് അപകടമുണ്ടായത്. സഹപ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ എൻജിനിയർ രക്ഷപ്പെട്ടു. സംഭവത്തിൽ ടെസ്ല പ്രതികരിച്ചിട്ടില്ല.