ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നിയോജകമണ്ഡലത്തിലെ വസതിയിൽ അതിക്രമിച്ചു കയറിയ നാലുപേർ അറസ്റ്റിലായി. വിവരമറിഞ്ഞ് ഞൊടിയിടയിൽ പ്രവർത്തന നിരതരായ പൊലീസ് ഉദ്യോഗസ്ഥർ അവരെ പിടികൂടുകയായിരുന്നു. വീട്ട് മുറ്റത്തേക്ക് അനൂവാദമില്ലാതെ പ്രവേശിച്ചതിനാണ് അറസ്റ്റ്. സ്വകാര്യ സ്ഥലത്ത് അതിക്രമിച്ചു കടന്നതിന് ഇവരുടെ പേരിൽ കേസ് റെജിസ്റ്റർ ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഋഷിയെ പരാമർശിച്ച് മുദ്രാവാക്യങ്ങൾ എഴുതിയ ഷർട്ട് ധരിച്ചെത്തിയ ഒരു യുവാവ് പ്രധാനമന്ത്രിയുടെ വീടിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തിയതായും ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. യൂത്ത് ഡിമാൻഡ് എന്ന ഒരു സംഘം വീഡിയോയിലൂടെ ഋഷിയുടെ വീട്ടിലെ കുളം ഒരു യുവാവ് അശുദ്ധമാക്കുന്നതും പുറത്തു വിട്ടിട്ടുണ്ട്. ഋഷിയുടെ രാഷ്ട്രീയഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പിന് ഒരാഴ്‌ച്ചയിൽ അൽപം മാത്രം ബാക്കി നിൽക്കവേയാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്.

ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തി വയ്ക്കണമെന്നും, 2021 മുതൽ ഇതുവരെ നൽകിയ എല്ലാ ഓയിൽ, ഗ്യാസ് ലൈസൻസുകളും റദ്ദ് ചെയ്യണമെന്നുമാണ് യൂത്ത് ഡിമാൻഡിന്റെ ആവശ്യം. ഇന്നലെ ഉച്ചക്ക് പ്രധാനമന്ത്രിയുടെ നിയോജകമണ്ഡലത്തിലെ വസതിയിൽ നിന്നും നാലുപേരെ അറസ്റ്റ് ചെയ്തതായി നോർത്ത് യോർക്ക്ഷയർ പൊലീസ് ഔദ്യോഗിക കുറിപ്പിറക്കി. ലണ്ടനിൽ നിന്നുള്ള ഒരു 52 കാരൻ, ബോൾട്ടണിൽ നിന്നുള്ള ഒരു 43 കാരൻ, മാഞ്ചസ്റ്ററിൽ നിന്നുള്ള ഒരു 21 കാരൻ, ചിചസ്റ്ററിൽ നിന്നുള്ള ഒരു 20 കാരൻ എന്നിവരാണ് അറസ്റ്റിലായതെന്നും കുറിപ്പിൽ പറയുന്നുണ്ട്.

ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് കുറിപ്പിൽ പറയുന്നു. കഴിഞ്ഞ സമ്മറിൽ ഋഷി സുനക് കുടുംബസമേതം കാലിഫോർണിയയിൽ ഒഴിവുകാലം ആസ്വദിക്കുമ്പോൾ അദ്ദേഹത്തിന്റെ വീടിന്റെ മേൽക്കൂരയിൽ വരെ പ്രതിഷേധക്കാർ കയറിയ സംഭവമുണ്ടായിരുന്നു. പുതിയ എണ്ണക്കരാറുകൾ വേണ്ട എന്ന ആവശ്യമായിരുന്നു അവർ ഉന്നയിച്ചിരുന്നത്.