- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിക്ഷേപ തട്ടിപ്പിൽ സമ്പാദ്യത്തിന്റെ ഭൂരിഭാഗം നഷ്ടപ്പെട്ടു; സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് നഷ്ടമായത് 97.5 കോടി; തട്ടിപ്പിന് പിന്നിൽ കമ്പനിയിലെ മുൻ ജീവനക്കാരനെന്ന് അധികൃതർ; കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ
കിങ്സ്റ്റൺ: നിക്ഷേപ തട്ടിപ്പിൽ ജമൈക്കയുടെ ഒളിപിംക് സ്പ്രിന്റിങ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കോടികൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ജമൈക്കൻ നിക്ഷേപ സ്ഥാപനമായ സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ( എസ് എസ് എൽ) അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന 12.7 മില്യൻ ഡോളർ (97.5 കോടി രൂപ) ആണ് താരത്തിന് നഷ്ടമായത്. 12,000 ഡോളർ മാത്രമാണ് ഇപ്പോൾ ഉസൈൻ ബോൾട്ടിന്റെ അക്കൗണ്ടിൽ ബാക്കിയുള്ളത്.
സ്റ്റോക്ക്‌സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ (എസ്എസ്എൽ) അക്കൗണ്ടിലുണ്ടായിരുന്ന 12 മില്യൺ ഡോളറാണ് (97.5 കോടി) നഷ്ടപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ലിന്റൺ പി ഗോർഡൻ അറിയിച്ചു. കമ്പനി ഈ തുക തിരികെ നൽകിയില്ലെങ്കിൽ തങ്ങൾ കോടതിയെ സമീപിക്കുമെന്നും ഗോർഡൻ പറഞ്ഞു.
''ഇത് കടുത്ത നിരാശയുണ്ടാക്കുന്ന സംഭവമാണ്. ബോൾട്ടിന് തന്റെ പണം വീണ്ടെടുക്കാനും സമാധാനത്തോടെ തുടർന്ന് ജീവിക്കാനും സാധിക്കണം. ഈ വിഷയം പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബോൾട്ട് ഇതുവരെ സമ്പാദിച്ച പണത്തിന്റെ വലിയൊരു ഭാഗം ഈ അക്കൗണ്ടിലായിരുന്നു'', ഗോർഡൻ ഫോർച്യൂൺ മാഗസിനോട് പറഞ്ഞു. ബോൾട്ടിന്റെ അക്കൗണ്ടിലെ പണം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമായി മാറ്റി വെച്ചിരുന്നതാണെന്നും ഗോർഡൻ പറഞ്ഞു.
അതേസമയം, കമ്പനിയിലെ മുൻ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്ന് സ്റ്റോക്ക്‌സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. ?ഈ വിവരം പൊലീസിനെ അറിയിച്ചതായും പണം തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. സമ്പാദ്യം സുരക്ഷിതമാക്കുന്നതിനും പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്റ്റോക്ക്‌സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് കൂട്ടിച്ചേർത്തു.
എസ്എസ്എല്ലിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ജമൈക്കൻ കോൺസ്റ്റബുലറി ഫോഴ്സ് അറിയിച്ചു. കമ്പനി ബോൾട്ടിനെ വഞ്ചിച്ചു എന്നാണ് ആരോപണമെന്നും കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ധനമന്ത്രി നിഗൽ ക്ലാർക്ക് പറഞ്ഞു. ട്രാക്കിൽ മിന്നൽ പിണർ വേഗത്തിൽ റെക്കോർഡുകൾ സൃഷ്ടിച്ച വേഗ രാജാവാണ് ഉസൈൻ ബോൾട്ട്. ഒരു ദശാബ്ദക്കാലം സ്പ്രിന്റിങ്ങിൽ ആധിപത്യം പുലർത്തിയ ബോൾട്ട് 2017ലാണ് വിരമിച്ചത്.
പതിനൊന്ന് തവണ ലോക ചാമ്പ്യനായ താരം കൂടിയാണ് ഉസൈൻ ബോൾട്ട്. 2008 മുതൽ 2016 വരെയുള്ള തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഒളിമ്പിക്‌സിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ താരമെന്ന റെക്കോർഡും ഈ ജമയ്ക്കൻ താരത്തിന്റെ പേരിലാണ്.
വെറും 9.58 സെക്കന്റിൽ നൂറ് മീറ്റർ ഓടി ലോക റെക്കോർഡ് സ്ഥാപിച്ച താരം കൂടിയാണ് ഇദ്ദേഹം. 2009 ലെ ഈ റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല. 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്) ഇദ്ദേഹത്തിന്റെ പേരിലാണ്. 1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരം കൂടിയാണ് ബോൾട്ട്.