സിഡ്‌നി: യാത്രക്കാരൻ വിവസ്ത്രനായി ഓടുകയും ഫ്‌ളൈറ്റ് അറ്റൻഡിനെ തള്ളിയിടുകയും ചെയ്തതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. പടിഞ്ഞാറൻ തീര നഗരമായ പെർത്തിൽ നിന്ന് മെൽബണിലേക്ക് തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിർജിൻ ഓസ്‌ട്രേലിയ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ നഗ്‌നതാപ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റു ചെയ്തു.

"അപകടകാരിയായ ഒരു യാത്രക്കാരൻ കാരണം VA696 ഫ്‌ളൈറ്റ് പറന്നുയർന്ന ഉടൻ പെർത്ത് വിമാനത്താവളത്തിലേക്ക് മടങ്ങി" എയർലൈന്റെ പ്രസ്താവനയിൽ പറയുന്നു. 'പ്രാദേശിക സമയം രാത്രി 7.20 ഓടെ പെർത്ത് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനം ഒരു മണിക്കൂറിനുള്ളിൽ തിരിച്ചിറക്കി,' വിർജിൻ ഓസ്ട്രേലിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

യുവാവിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ജൂൺ 14 ന് പെർത്തിലെ കോടതിയിൽ ഹാജരാകാൻ പൊലീസ് ഇയാൾക്ക് സമൻസ് അയച്ചേക്കും. യാത്രക്കാരൻ എന്തിനാണ്, എപ്പോഴാണ് , എവിടെ വച്ചാണ് വസ്ത്രമഴിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് കൂട്ടിച്ചേർത്തു.

യുവാവ് അലറുകയും നിലവിളിക്കുകയും ചെയ്തുവെന്നും വസ്ത്രമില്ലാതെ വിമാനത്തിന്റെ മുൻഭാഗത്തേക്ക് ഓടിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. യുവാവിനെ പൊലീസിന് കൈമാറിയതിനു ശേഷം വിമാനം വീണ്ടും യാത്ര തുടർന്നു.