പത്തനംതിട്ട: പേ സ്ലിപ്പ് എഴുതി പിൻവലിച്ചും ബാങ്ക് സ്റ്റേറ്റ്മെന്റ വ്യാജമായി സൃഷ്ടിച്ചും സിഡിഎസ് അക്കൗണ്ടന്റ് ലക്ഷങ്ങൾ തട്ടി. ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് പുറത്തു വന്നതോടെ വിജിലൻസ് പരിശോധന നടത്തി. വിവരമറിഞ്ഞ് വനിത അക്കൗണ്ടന്റ് മുങ്ങി. 2023-24 സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടന്റ് പണം പിൻവലിച്ച വിവരം അറിഞ്ഞത്. ഫെഡറൽ ബാങ്കിന്റെ കുഴിക്കാല ശാഖയിലാണ് സി.ഡി.എസിന്റെ അക്കൗണ്ടുള്ളത്.

ഇവിടെ നേരിട്ടെത്തി സ്ലിപ്പ് എഴുതി നൽകിയാണ് പലപ്പോഴായി പണം പിൻവലിച്ചിട്ടുള്ളത്. സി.ഡി.എസ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ ചെയർപേഴ്സണും മെമ്പർ സെക്രട്ടറിയും ചെക്കിൽ ഒപ്പിടേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തിലെ തന്നെ ഒരു ജീവനക്കാരനോ ജീവനക്കാരിയോ ആയിരിക്കും മെമ്പർ സെക്രട്ടറി. ഇവരുടെ ഒപ്പിട്ട് ചെക്ക് വാങ്ങി പണം തട്ടുക പ്രായോഗികമല്ല. അതിനാൽ ബാങ്കിൽ നേരിട്ടെത്തി പേ സ്ലിപ്പ് ഒപ്പിട്ടു കൊടുത്താണ് വലിയ തുകകൾ പലപ്പോഴായി പിൻവലിച്ചിട്ടുള്ളത്.

ഓഡിറ്റ് റിപ്പോർട്ടിൽ വനിതാ അക്കൗണ്ടന്റിന്റെ തട്ടിപ്പ് പുറത്തു വന്നതോടെ ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ പഞ്ചായത്ത് അധികൃതർ ശേഖരിച്ചിരുന്നു. അതിന് മുൻപ് തന്നെ സി.ഡി.എസ് അക്കൗണ്ടന്റ് ബാങ്ക് സ്റ്റേറ്റ്മെന്റ് ശേഖരിക്കുകയും അതിൽ ഇല്ലാത്ത വിവരങ്ങൾ കൂട്ടിച്ചേർത്ത് സ്റ്റേറ്റ്മെന്റ് കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്തുവെന്ന് വിജിലൻസ് പരിശോധനയിൽ വ്യക്തമായതായി ഡിവൈ.എസ്‌പി ഹരി വിദ്യാധരൻ പറഞ്ഞു. വലിയ തുകയ്ക്കുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നത്.

മുഴുവൻ രേഖകളും പരിശോധിച്ചെങ്കിൽ മാത്രമേ തുകയുടെ കൃത്യമായ കണക്ക് അറിയുകയുള്ളൂ. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം പഞ്ചായത്ത് അധികൃതരും വിജിലൻസും പരിശോധന നടത്തുവെന്ന് അറിഞ്ഞതോടെ ജീവനക്കാരി മുങ്ങി. ഇന്നലെ ഓഫീസിലെത്തിയ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.