ലണ്ടൻ: പ്രലോഭനങ്ങളിലൂടെ വശീകരിച്ച് ഒരു പത്തു വയസ്സുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത 61 കാരിയായ ടീച്ചിങ് അസിസ്റ്റന്റിന് എട്ട് വർഷത്തെ തടവു ശിക്ഷ വിധിച്ച് കോടതി.റിപ്പൺ സ്വദേശിയായ ഡെനൈസ് പോവൽ, ബാലന് സമ്മാനങ്ങൾ നൽകിയും ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചുമായിരുന്നു തന്റെ പാട്ടിലാക്കിയത്. പിന്നീട് ആ ബാലനെ അവർ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും യോർക്ക്ഷയർ പൊലീസ് പറഞ്ഞു. 2000 കാലഘട്ടത്തിൽ ഹാരോഗെയ്റ്റ് ഭാഗത്തെ ഒരു സ്‌കൂളിൽ ഇവർ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഇത് സംഭവിച്ചത്.

തന്റെ ജീവിതത്തെ ഏറെ ബാധിച്ചു എന്ന് ഇര അവകാശപ്പെടുന്ന ഈ സംഭവം പക്ഷെ പോവൽ ഇപ്പോഴും വലിയൊരു കാര്യമായി കാണുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. മുതിർന്ന വ്യക്തി ആയതിന് ശേഷം മാത്രമായിരുന്നു അയാൾക്ക് ഇതെല്ലാം തുറന്നു പറയാനുള്ള ധൈര്യം കിട്ടിയത്. പൊലീസ് കേസെടുത്ത് ചോദ്യം ചെയ്തപ്പോൾ പക്ഷെ പോവൽ ആദ്യമെല്ലാം ഇത്തരമൊരു സംഭവം നിഷേധിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ കുറ്റക്കാരിയാണെന്നതിന് തെളിവുകൾ ലഭിച്ചത്.

ബാലപീഡനമാണ് ഇവർ നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ആ ബാലനെ വളർത്തുന്നതിൽ വലിയൊരു ഉത്തരവാദിത്തമുള്ള വ്യക്തിയാണ് അവർ എന്നും, അവർക്ക് ആ ബാലന് മെലുള്ള സ്വാധീനം ഉപയോഗിച്ചായിരുന്നു ഈ ഹീനകൃത്യം നടത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത്തരത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസ് കോടതിയിൽ വിചാരണക്ക് എത്തിയത്. തീർത്തും ദുഷ്ടത നിറഞ്ഞ പ്രവൃത്തിയായിരുന്നു മുൻ ടീച്ചിങ് അസിസ്റ്റന്റിതേന്ന് കോടതി നിരീക്ഷിച്ചു.വളർത്താൻ ബാദ്ധ്യതയുള്ള ഒരു സ്ഥാനത്ത് ഇരുന്നു കൊണ്ടാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തത് എന്നത് അതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു. എട്ട് വർഷത്തെ തടവ് ശിക്ഷയാണ് ഇവർക്ക് കോടതി വിധിച്ചത്.