ബെംഗളൂരു: രഞ്ജി ട്രോഫി ഫൈനലിൽ മധ്യപ്രദേശിനെതിരെ മിന്നുന്ന സെഞ്ചറിയുമായി മുംബൈയെ മികച്ച സ്‌കോറിൽ എത്തിച്ച് സർഫ്രാസ് ഖാൻ. 50.1 ഓവറിൽ മുംബൈ 147 റൺസിന് മൂന്ന് വിക്കറ്റെന്ന സ്‌കോറിലെത്തിയപ്പോഴാണു മത്സരത്തിന്റെ ആദ്യ ദിനം സർഫ്രാസ് ഖാൻ ബാറ്റിങ്ങിന് ഇറങ്ങിയത്. രഞ്ജി സീസണിലെ മൂന്നാം സെഞ്ചുറി നേടിയ സർഫ്രാസ് ആണ് മുംബൈ ഇന്നിങ്‌സിൽ കരുത്തായത്.

പൃഥ്വി ഷാ (47), യശസ്വി ജെയ്സ്വാൾ (78) എന്നിവർ ഒഴികെയുള്ള മുൻനിര ബാറ്റർമാർ എല്ലാം നിരാശപ്പെടുത്തിയെങ്കിലും മറുവശത്ത് ഉറച്ച മനസ്സോടെ ബാറ്റു വീശിയ സർഫ്രാസിന്റെ ഇന്നിങ്‌സാണു മത്സരത്തിൽ മുംബൈയ്ക്കു താങ്ങായത്.

മറുപടി ബാറ്റിങ് തുടങ്ങിയ മധ്യപ്രദേശ് രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തിട്ടുണ്ട്. 44 റൺസുമായി യാഷ് ദുബേയും 41 റൺസുമായി ശുഭം ശർമയും ക്രീസിൽ. 31 റൺസെടുത്ത ഹിമാൻഷു മന്ത്രിയുടെ വിക്കറ്റാണ് മധ്യപ്രദേശിന് നഷ്മായത്.

ഒമ്പത് വിക്കറ്റ് ശേഷിക്കെ മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ മധ്യപ്രദേശിന് ഇനിയും 251 റൺസ് കൂടി വേണം. നേരത്തെ 248-5 എന്ന സ്‌കോറിൽ രണ്ടാം ദിനം ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച മുംബൈയെ മുന്നോട്ടു നയിച്ചത് സർഫ്രാസിന്റെ സെഞ്ചുറിയായിരുന്നു. തുടക്കത്തിലെ ഷംസ് മുലാനിയുടെ വിക്കറ്റ് നഷ്ടമായ മുംബൈയെ വാലറ്റത്തെ കൂട്ടുപിടിച്ച് സർഫ്രാസ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു.

സെഞ്ചുറി നേട്ടത്തിന് ശേഷം അടുത്തിടെ കൊല്ലപ്പെട്ട പഞ്ചാബ് റാപ്പർ സിദ്ദു മൂസേവാലയ്ക്ക് മുംബൈ ബാറ്റർ സർഫ്രാസ് ഖാൻ ഹൃദയം നിറഞ്ഞ കൃതഞ്ജത അർപ്പിച്ചു. 114ാം ഓവറിൽ കുമാർ കാർത്തികേയയെ ബൗണ്ടറിയിടിച്ചാണു സർഫ്രാസ് സെഞ്ചറിയിലെത്തിയത്. സെഞ്ചറി കുറിച്ചതിനു പിന്നാലെ കണ്ണീരണിഞ്ഞ സർഫ്രാസ്, ബാറ്റും കൈകളും വായുവിൽ ആഞ്ഞുവീശിയാണ് ആഹ്ലാദപ്രകടനം നടത്തിയത്.

പിന്നാലെ മൂസേവാലയുടെ സിഗ്നേച്ചർ ഡാൻസ് സ്റ്റെപ്പായ 'തൈ ഫൈവും' (വലതു കൈപ്പത്തി തുടയിൽ അടിച്ചതിനു ശേഷം 5 എന്ന വിരലുകളും ആകാശത്തേക്കുയർത്തുന്ന നൃത്തച്ചുവട്) അനുകരിച്ചു. മൂസേവാലയുടെ മരണാനന്തര ചടങ്ങുകൾക്കിടെ അദ്ദേഹത്തിന്റെ അച്ഛനും വികാരാധീനനായി തൈ ഫൈവ് നൽകിയാണു മകന് അന്ത്യാഞ്ജലി അർപിച്ചത്. പഞ്ചാബിലെ ഏറ്റവും പ്രശസ്ത ഗായകരിൽ ഒരാളായിരുന്ന മൂസേവാല 28ാം വയസ്സിൽ മെയ്‌ 29നാണ് സ്വന്തം ജില്ലിയായ മാൻസയിൽവച്ചു ദാരുണമായി വെടിയേറ്റു കൊല്ലപ്പെട്ടത്.

മധ്യപ്രദേശിനെതിരെ സെഞ്ചറിക്കു ശേഷവും കരുതലോടെ കളിച്ച സർഫ്രാസ് 128ാം ഓവറിൽ 10ാം നമ്പർ ബാറ്ററായി പുറത്താകുമ്പോൾ മുംബൈ സ്‌കോർബോർഡിൽ 374 റൺസ് എത്തിയിരുന്നു.

243 പന്തിൽ 13 ഫോറും 2 സിക്‌സും അടക്കം 134 റൺസാണു സർഫ്രാസിന്റെ നേട്ടം. 106 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ഗൗരവ് യാദവ്, 81 റൺസിനു 3 വിക്കറ്റെടുത്ത അനുഭവ് അഗർവാൾ എന്നിവരാണു മധ്യപ്രദേശിനായി ബോളിങ്ങിൽ തിളങ്ങിയത്. ആദ്യ ഇന്നിങ്‌സിൽ മധ്യപ്രദേശ് ഒരു വിക്കറ്റിന് 72 റൺസ് എടുത്തിട്ടുണ്ട്. കിടിലൻ ഫോമിൽ ബാറ്റുവീശുന്ന സർഫ്രാസ് രഞ്ജി സീസണിലെ 4ാം സെഞ്ചറിയാണു ഫൈനലിൽ കുറിച്ചത്.