വെല്ലിങ്ടൺ: ദേശീയപതാക മാറ്റം സംബന്ധിച്ച് 18 മാസം നീണ്ട ഹിതപരിശോധനയിൽ ബ്രിട്ടന്റെ യൂണിയൻ ജാക്ക് മുദ്രയുള്ള ദേശീയ പതാകയെ പിന്തുണച്ച് 56.61 ശതമാനം പേർ. പഴയ പതാക ഒഴിവാക്കി പുതിയ ദേശീയ പതാക കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തെയാണ് ഹിതപരിശോധനയിൽ ന്യൂസിലാൻഡുകാർ തള്ളിക്കളഞ്ഞത്.

കറുത്തപശ്ചാത്തലത്തിൽ വെള്ളിനിറമുള്ള ഫേൺ മരച്ചില്ലയും നീലയിൽ ചുവന്ന നക്ഷത്രവും ഉൾപ്പെടുന്നതായിരുന്നു പുതിയ ദേശീയ പതാകയുടെ മാതൃക. ഇതിന്റെ അംഗീകാരത്തിനായാണ് പൊതുജനങ്ങൾക്കിടയിൽ റഫറണ്ടം നടത്തിയത്. കോളനിവാഴ്ചയുടെ മുദ്ര വഹിക്കുന്നതാണ് യൂണിയൻ ജാക്ക് പതാക എന്നതായിരുന്നു ന്യൂസിലാൻഡ് ദേശീയ പതാക മാറ്റാനുള്ള മുഖ്യ കാരണം. പ്രധാനമന്ത്രി ജോൺ കീയുടെ നേതൃത്വത്തിൽ ദേശീയ പതാകമാറ്റം സംബന്ധിച്ച് ഒന്നര വർഷമായി പ്രചാരണം നടത്തിവരികയായിരുന്നു.

ദേശീയ പതാകയ്ക്കു വേണ്ടി വിവിധ ഡിസൈനുകൾ പൊതുജനങ്ങൾക്കിടയിൽ നിന്നു സ്വീകരിച്ച ശേഷം അവയിൽ നിന്ന് 40 ഡിസൈനുകൾ അന്തിമമായി തെരഞ്ഞെടുത്തിരുന്നു. പിന്നീട് ഇവ ഹിതപരിശോധനയ്ക്കായി സമർപ്പിക്കുകയായിരുന്നു.

നിർദ്ദിഷ്ട പതാകക്ക് 43.2ശതമാനം പിന്തുണ നേടാനേ ആയൂള്ളൂ. 2124507 വോട്ടുകളാണ് പോൾ ചെയ്തത്. പോസ്റ്റൽ വോട്ടുകൾ ഇപ്പോഴത്തെ ഫലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അത് കൂടി ഉൾപ്പെടുത്തിയ അന്തിമ ഫലം ഈമാസം മുപ്പതിന് പുറത്ത് വരും. എങ്കിലും ഫലത്തിൽ കാര്യമായ മാറ്റമൊന്നുമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ബ്രിട്ടണു പുറമേ ഓസ്‌ട്രേലിയ, ഫിജി, ന്യൂസിലാൻഡ്, ടുവാലു എന്നീ രാജ്യങ്ങളുടെ പതാകയിലാണ് യൂണിയൻ ജാക്ക് മുദ്രയുള്ളത്. ഇതിൽ ഫിജി അടുത്തകാലത്ത് പുതിയ ദേശീയ പതാക സ്വീകരിച്ചു.