ഓക്ക്‌ലാൻഡ്: വിദ്യാർത്ഥികൾക്കുള്ള വിസാ ചട്ടങ്ങൾ ലഘൂകരിച്ച് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ന്യൂസിലാൻഡ്. രാജ്യത്ത് എത്തുന്ന വിദേശ വിദ്യാർത്ഥികളിൽ രണ്ടാമത് ഇന്ത്യൻ വിദ്യാർത്ഥികളാണെന്നിരിക്കേ ഇവർക്ക് വിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കും കൂടുതൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിടുള്ളതെന്ന് ന്യൂസിലാൻഡ് എഡ്യുക്കേഷൻ (ഇഎൻഇസെഡ്) ഇന്ത്യാ റീജിയണൽ ഡയറക്ടർ ജോൺ ലക്‌സൺ വ്യക്തമാക്കി.

സ്പോർട്സ് മാനേജ്‌മെന്റ്, സൈബർ സെക്ടൂരിറ്റി, ഹോസ്പിറ്റാലിറ്റി, അനിമൽ സയൻസ് തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകൾക്ക് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എളുപ്പം പ്രവേശനം ലഭിക്കുന്നതിനുള്ള സാഹചര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതു കൂടാതെയാണ് വിദ്യാർത്ഥികൾക്കുള്ള സ്‌പെഷ്യൻ പാത്ത് വേ സ്റ്റുഡന്റ് വിസ അനുവദിച്ചിരിക്കുന്നത്. ഒരു വിസയിൽ തന്നെ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കപ്പെട്ട ലേണിങ് പ്രൊവൈഡറിലൂടെ മൂന്നു വ്യത്യസ്ത സ്റ്റഡി പ്രോഗ്രാമുകൾ സ്വീകരിക്കാൻ സാധിക്കും. അഞ്ചു വർഷം വരെ കാലാവധിയുള്ള വിസകളാണിവ. മുമ്പ് വിദ്യാർത്ഥികൾക്ക് ഇതിന് മൂന്ന് വ്യത്യസ്ത വിസകൾക്ക് അപേക്ഷിക്കേണ്ടിയിരുന്നു. അതിനു പകരം ഈ ഒറ്റസംവിധാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യും.

ന്യൂസിലാന്റിലെത്തുന്ന വിദേശവിദ്യാർത്ഥികളിൽ ഇന്ത്യക്കാർക്കാണ് രണ്ടാം സ്ഥാനം. 2014-ൽ ഇവിടുത്തെ യൂണിവേഴ്‌സിറ്റികളിൽ 20,227 ഇന്ത്യൻ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2015-ൽ സ്റ്റുഡന്റ് വിസകളിൽ 20 ശതമാനം വർധനയാണ് ഉണ്ടായതെന്ന് ഐഎൻഇസെഡ് ഏരിയ മാനേജർ നാതനൽ മാക്കെ പറയുന്നു. വിദേശത്ത് വിദ്യാഭ്യാസം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ന്യൂസിലാന്റ് വളരെ സുരക്ഷിതവും സ്വാഗതാർഹവുമായ രാജ്യമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. 118 രാജ്യങ്ങളിലെ പൗരന്മാരടങ്ങിയ ബഹുസംസ്‌കാരമുള്ള ന്യൂസിലാന്റിൽ യാതൊരു വിധത്തിലുള്ള വംശീയപരമായ വേർതിരിവുകളുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.