അബുദാബി: കൂടുതലടിച്ച ഫോറിന്റെ കണക്കിൽ തങ്ങളിൽ നിന്നും സ്വപ്‌ന കീരീടം നേടിയെടുത്ത ഇംഗ്ലണ്ടിന് പലിശ സഹിതം കണക്ക് തീർത്ത് ന്യൂസിലാന്റിന്റെ രാജകീയ ഫൈനൽ പ്രവേശനം. ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തകർത്താണ് ന്യൂസീലൻഡ് ഫൈനലിൽ പ്രവേശിച്ചത്.

ഇംഗ്ലണ്ട് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് മറികടന്നു.47 പന്തിൽ നിന്ന് 4 സിക്സും 4 ഫോറുമടക്കം 72 റൺസെടുത്ത ഡാരിൽ മിച്ചലാണ് കിവീസ് വിജയത്തിന് ചുക്കാൻ പിടിച്ചത്. ഡെവോൺ കോൺവെ, ജിമ്മി നീഷാം എന്നിവരുടെ ഇന്നിങ്സുകളും കിവീസിന് കരുത്തായി.നാളത്തെ പാക്കിസ്ഥാൻ - ഓസ്ട്രേലിയ മത്സര വിജയികളെ 14-ാം തീയതി നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡ് നേരിടും.

167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ആദ്യം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ക്രിസ് വോക്സിന്റെ മൂന്നാം പന്തിൽ തന്നെ നാലു റൺസുമായി മാർട്ടിൻ ഗുപ്റ്റിൽ മടങ്ങി. ആ ആഘാതത്തിൽ നിന്ന് കരകയറും മുമ്പ് മൂന്നാം ഓവറിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും (5) വോക്സ് മടക്കി.

എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചൽ - ഡെവോൺ കോൺവെ സഖ്യം ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ഇരുവരും കിവീസിനെ കൂടുതൽ നഷ്ടങ്ങളില്ലാതെ 95 വരെയെത്തിച്ചു. 38 പന്തിൽ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 46 റൺസെടുത്ത കോൺവെയെ മടക്കി ലിയാം ലിവിങ്സ്റ്റണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പതിയെയായിരുന്നു സ്‌കോറിങ്ങെങ്കിലും നിർണായകമായ 82 റൺസ് കൂട്ടിച്ചേർക്കാൻ ഈ സഖ്യത്തിനായി. പിന്നാലെ 16-ാം ഓവറിൽ ഗ്ലെൻ ഫിലിപ്പ്സിനെയും (2) ലിവിങ്സ്റ്റൺ മടക്കി.

കളി ഇംഗ്ലണ്ടിന്റെ കൈയിലിരിക്കെ ക്രിസ് ജോർദാൻ എറിഞ്ഞ 17-ാം ഓവറിൽ 23 റൺസടിച്ച ജിമ്മി നീഷമാണ് മത്സരം കിവീസിന് അനുകൂലമാക്കി തിരിച്ചത്. 11 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റൺസെടുത്ത നീഷമിനെ 18-ാം ഓവറിൽ ആദിൽ റഷീദ് മടക്കി. എന്നാൽ ഉറച്ചുനിന്ന ഡാരിൽ മിച്ചൽ കിവീസിനെ ഫൈനലിലെത്തിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തിരുന്നു.മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡേവിഡ് മലാൻ - മോയിൻ അലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. 37 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 51 റൺസോടെ പുറത്താകാതെ നിന്ന മോയിൻ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

നേരത്തെ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ന്യൂസീലൻഡ് കളത്തിലിറങ്ങിയത്. ഇംഗ്ലണ്ട് ടീമിൽ പരിക്കേറ്റ ജേസൺ റോയിക്ക് പകരം സാം ബില്ലിങ്‌സ് ഇടംനേടി.