വിയന്ന: സമ്മറിന്റെ അത്യുഷ്ണവുമായി വീണ്ടും ഓസ്ട്രിയയിൽ ചൂടുകാറ്റ് എത്തുന്നു. ആഴ്ചാവസാനം താപനില 38 ഡിഗ്രിയിലേക്ക് ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ. കഴിഞ്ഞാഴ്ച മുഴുവൻ താപനില ശരാശരിയിലും താഴ്ന്നു നിന്നതിനു ശേഷം ചൂടുകാറ്റിന്റെ രൂപത്തിൽ സമ്മർ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്.

ചരിത്രത്തിലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട മാസമായിരുന്നു ജൂലൈ. മിക്കയിടങ്ങളിലും താപനില 38.6 ഡിഗ്രി വരെയാണ് ഉയർന്നിരുന്നത്. എന്നാൽ കഴിഞ്ഞാഴ്ച ചൂടിന് അല്പമൊരു ശമനം ലഭിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച മുതൽ താപനില 35 ഡിഗ്രിയിലേക്ക് ഉയരുകയായിരുന്നു. താപനില ഉയർന്നതോടെ അത്യുഷ്ണത്താൽ വലയുകയാണ് ജനങ്ങൾ.  അടുത്ത പത്തു ദിവസത്തേക്ക് രാത്രിയിൽ പോലും താപനില 20 ഡിഗ്രിയിൽ താഴില്ല എന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ ഈ ദിവസങ്ങളിൽ നേരിയ തോതിൽ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെങ്കിലും ചൂടിനെ ശമിപ്പിക്കാൻ ഇതിനാവില്ല. അടുത്താഴ്ച മുഴുവൻ രാജ്യമെമ്പാടും ചൂടേറിയ ദിവസമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൂട് കൂടിയതോടെ രാജ്യത്തെ കർഷകർ ആശങ്കയിലാണ്. വേനൽ മഴയുടെ അഭാവത്താൽ ചോളം, സൺഫ്‌ലവർ, മുന്തിരി തുടങ്ങിയവയുടെ കൃഷി നശിക്കുമോയെന്ന ആശങ്ക കർഷകരെ വലയ്ക്കുന്നുണ്ട്. അതേസമയം ഏറിയ ചൂടിന് എന്ന് അവസാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നില്ല. ഈ വർഷം ഇതു നാലാം തവണയാണ് ഓസ്ട്രിയയിൽ ചൂടുകാറ്റ് വീശിയടിക്കുന്നത്.