- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃത്രിമ തടാകങ്ങൾക്ക് കുറുകെ പന്ത്രണ്ടോളം പാലങ്ങൾ; രാജ്പഥ് നവീകരണം നവംബറിൽ പൂർത്തിയാകും; അടുത്ത റിപബ്ലിക് ദിന പരേഡ് മികച്ച അനുഭവമാകും
ന്യൂഡൽഹി: ഇരുപതിനായിരം കോടിയിലേറെ രൂപമുടക്കി രാജ്യതലസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. ഇതോടെ 2022-ലെ റിപ്പബ്ലിക് ദിന പരേഡ് നവീകരിച്ച രാജ്പഥിൽ നടക്കുമെന്ന് ഉറപ്പായി. രാഷ്ട്രപതിഭവനിൽ നിന്ന് ഇന്ത്യാഗേറ്റ് വരെയുള്ള സെൻട്രൽ വിസ്ത അവന്യൂവിന്റെ പുനർവികസനം ഇക്കൊല്ലം നവംബറിൽ പൂർത്തിയാകുമെന്ന് അധികൃതർ വെള്ളിയാഴ്ച വ്യക്തമാക്കി. രാജ്യത്തെ പൗരർക്ക് അഭിമാനിക്കാവുന്ന വിധത്തിലാണ് രാജ്പഥിന്റെ നവീകരണം പൂർത്തിയാകുന്നതെന്ന് നിർമ്മാണപ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷം കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.
രാജ്പഥിന്റെ നവീകരണപ്രവൃത്തികളിൽ വൻതോതിലുള്ള കൽപ്പണി, അടിപ്പാതകളുടെ നിർമ്മാണം, ഭൂമിക്കടിയിലുള്ള കെട്ടിടസമുച്ചയം, ഉദ്യാനം, പാർക്കിങ് സൗകര്യം എന്നിവ ഉൾപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി. കൃത്രിമ തടാകങ്ങൾക്ക് കുറുകെ പന്ത്രണ്ടോളം പാലങ്ങൾ പണിയും.ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരം, ഒരു പൊതു കേന്ദ്ര സെക്രട്ടറിയേറ്റ്, മൂന്ന് കിലോമീറ്ററോളം രാജ്പഥിന്റെ നവീകരണം, പ്രധാനമന്ത്രിയുടെ വസതി, പ്രധാനമന്ത്രിയുടെ ഓഫീസ്, കൂടാതെ വൈസ് പ്രസിഡന്റ് എൻക്ലേവും പദ്ധതിയിൽ ഉൾപ്പെടുന്നു.
ഷപൂർജി പല്ലോഞ്ജി ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതിയായ സെൻട്രൽ വിസ്ത പുനർവികസന പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.ഹൗസിങ് & അർബൻ അഫയേഴ്സ് മന്ത്രാലയം സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ, കോൺട്രാക്ടർ, ആർക്കിടെക്റ്റ് ബിമൽ പട്ടേൽ എന്നിവർക്കൊപ്പമാണ് ഹർദീപ് സിങ് നിർമ്മാണപ്രവൃത്തികൾ വിലയിരുത്തിയത്.
നിർമ്മാണപ്രവൃത്തികൾ നിരീക്ഷിച്ചതായും ഇതു വരെയുള്ള നിർമ്മാണപ്രവർത്തനം തൃപ്തികരവും സമയബന്ധിതവുമാണെന്നും ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തു. രാജ്പഥ് സന്ദർശിക്കുവർക്ക് വിസ്മയകരമായ അനുഭവമായിരിക്കുമെന്നും നവംബറോടെ വികസനപരിപാടി പൂർത്തിയാകുന്നതിനാൽ അടുത്ത കൊല്ലത്തെ റിപ്പബ്ലിക് ദിനപരേഡ് പുതുക്കിയ രാജ്പഥിലൂടെയാവും നീങ്ങുകയെന്നും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ