കണ്ണൂർ: ആശയം വ്യക്തമാക്കാൻ കൊടികളില്ല. മുദ്രാവാക്യങ്ങളിൽ പ്രത്യയശാസ്ത്ര ജാഡകളുമില്ല. ലക്ഷ്യം സിമ്പിൾ. വയലും തണ്ണീർതട സംരക്ഷണവും മാത്രം. വയൽസംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി തളിപ്പറമ്പിൽ നിന്നും കീഴാറ്റൂരിലേക്ക് ഇന്നലെ നടന്ന ബഹുജന മാർച്ച് ഇത്തരം സവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാകുകയാണ്. സമീപകാലത്ത് രാഷ്ട്രീയ പാർട്ടികളുടെ ലേബലിൽ അല്ലാതെ ഇത്തരമൊരു മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് വയൽക്കിളികളും അവർക്ക് പിന്തുണയേകാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പ്രകൃതി സ്‌നേഹികളും.

തലപ്പാവ് അണിഞ്ഞവരും കുങ്കുമപൊട്ടണിഞ്ഞവരും കക്ഷി രാഷ്ട്രീയമോ ജാതിമത വേർതിരിവോ ഇല്ലാതെയാണ് കീഴാറ്റൂർ വയലിലേക്ക് മാർച്ച് ചെയ്തത്. ഒരേ സ്വരത്തിൽ അവർ മുദ്രാവാക്യം വിളിച്ചു. വയലുകൾ നികത്തരുത്, കുന്നുകൾ ഇടിക്കരുത് എന്ന്. കേരളം കീഴാറ്റൂരിലേക്ക് എന്ന ബാനറുകളേന്തി ഒരേ മനസ്സോടെയാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയവർ സമരകേന്ദ്രമായ കീഴാറ്റൂരിലേക്ക് നീങ്ങിയത്. സിപിഎം ആണ് എതിർഭാഗത്തെങ്കിലും ഒരിടത്തും ഈ സമരമുന്നേറ്റത്തിന് എതിരെ മുദ്രാവാക്യങ്ങളുയർന്നില്ല.

സംസ്ഥാന സർക്കാരിന്റെ തെറ്റായ വികസന നിലപാടിന് എതിരെ ഇത്തരമൊരു കൂട്ടായ്മ ഉണ്ടായതിൽ വലിയ ആവേശത്തിലാണ് വയൽക്കിളികൾ. വരുംദിനങ്ങളിൽ സമരം സംസ്ഥാന വ്യാപകമായി ഈ ആശയപ്രചരിപ്പിച്ചുകൊണ്ട് ശക്തമാക്കാനാണ് വയൽക്കിളികളും പരിസ്ഥിതി സ്‌നേഹികളും നീങ്ങുന്നത്. വേണ്ടിവന്നാൽ സർക്കാരിനെതിരെ ലോംങ്മാർച്ച് എന്ന തരത്തിൽ സമരം ശക്തിപ്പെടുത്തുമെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഉറച്ച പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപിയും. നിലനിൽപിന്റെ സമരമായതിനാൽ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കി വയൽക്കിളികളും നന്ദീഗ്രാമിലെ കർഷകരെ കീഴാറ്റൂരിലേക്ക് എത്തിക്കുമെന്ന് ബിജെപിയും വ്യക്തമാക്കുന്നു. സമരം കേരളമൊട്ടാകെ വ്യാപിപ്പിക്കാനും വയലും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക എന്ന ആവശ്യമുയർത്തി സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളെ ഈ ആശയത്തിലേക്ക് ആകർഷിക്കാനുമാണ് അടുത്ത നീക്കങ്ങൾ.

ഇന്നലെ നടന്ന അതിജീവന മാർച്ച് വലിയൊരു ആവേശമാണ് സംസ്ഥാനത്തെ പരിസ്ഥിതി പ്രവർത്തകരിലും വികസനത്തിനായി മണ്ണിനെ ബലികഴിക്കുന്നതിന് എതിരായി നിലകൊള്ളുന്നവരിലും ഉയർത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലും സമാനമായ പ്രതികരണങ്ങളുമായി ആയിരങ്ങൾ രംഗത്തെത്തുന്നു.

കീഴാറ്റൂർ സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ വഴിയരികിൽ അഭിവാദ്യമർപ്പിച്ച് ജനങ്ങൾ മുദ്രാവാക്യം വിളിച്ച് നിലകൊണ്ടതും ശ്രദ്ധേയമായി. കീഴാറ്റൂരിൽ സമരം നടത്തുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണെന്ന സിപിഎം ആരോപണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ഇത്. മാർച്ച് വയലിലെത്തിയപ്പോൾ മാർച്ചിൽ പങ്കെടുത്തവർക്ക് കുടിവെള്ളം നൽകാൻ മാത്രം സമീപ പ്രദേശത്തെ ഒരു ഡസനോളം യുവാക്കൾ ഉണ്ടായിരുന്നു. വരിക വരിക സഹജരേ എന്ന സ്വാതന്ത്ര സമര കാലഘട്ടത്തിലെ ദേശഭക്തി ഗാനം ആലപിച്ച് വിദ്യാർത്ഥികളും നിലകൊണ്ടു.

മഹാരാഷ്ട്രയിലെ കർഷക സമരത്തിന് നേതൃത്വം നൽകിയെന്ന് പറയുന്ന സിപിഎം ഇവിടെ സമര വിരുദ്ധ പക്ഷത്താണ്. റോഡിനു വേണ്ടി സമ്മതം നൽകുന്നവരുടെ പേര് വിവരവും മറ്റും രേഖപ്പെടുത്തി ചുവന്ന റിബൺകെട്ടി വയൽ വേർതിരിച്ച് കൊടി നാട്ടിയിരിക്കയാണ് കീഴാറ്റൂരിലെ സിപിഎം. കീഴാറ്റൂർ വയൽ സമരം കാണാൻ ആരും പോകരുതെന്ന വിലക്കും സിപിഎം നടത്തിയിരുന്നു.

എന്നാൽ മാർച്ച് ആരംഭിക്കും മുമ്പ് തന്നെ ടൗൺസ്‌ക്വയർ പരിസരത്ത് പരിസ്ഥിതി വാദികളും മറ്റ് സംഘടനാ പ്രവർത്തകരും അടക്കമുള്ള പ്രകൃതി സ്നേഹികൾ എത്തിച്ചേർന്നിരുന്നു. കീഴാറ്റൂർ സമരം മുന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ സിപിഎം തനിച്ച് ഒരുഭാഗത്തും മറ്റ് എല്ലാ രാഷ്ട്രീയ കക്ഷികളിലും ഉള്ളവർ ഒരു പാർട്ടിയുടേയും ലേബലില്ലാതെ മറുഭാഗത്തും നിലകൊള്ളുന്ന അവസ്ഥയിലെത്തിയിരിക്കയാണ് കാര്യങ്ങൾ. ഭരണകക്ഷിയായിട്ടും സിപിഐ കൂടി കീഴാറ്റൂർ സമരത്തിന് പിന്തുണയുമായി എത്തിയെന്നത് വലിയ ചർച്ചയായിട്ടുമുണ്ട്.

വയൽക്കിളികളുടെ സമരപന്തൽ കത്തിച്ചതും ദേശീയപാതക്ക് വയൽ സ്വയം അളന്ന് റിബൺകെട്ടി രേഖപ്പെടുത്തിയതുമെല്ലാം സിപിഎമ്മിന്റെ ഇത്തരമൊരു വികസന നടത്തിന് എതിരെ നിൽക്കുന്നവരെ ഒരുമിപ്പിക്കാൻ കാരണമായി. കോൺഗ്രസ്സ് പ്രത്യക്ഷത്തിൽ സമരത്തിന് പിൻതുണയുമായി രംഗത്തിറങ്ങിയിട്ടില്ല. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുക എന്ന നിലപാടിലാണ് കോൺഗ്രസ്സ് നേതൃത്വം.

എന്നാൽ ബിജെപി ഒരു ചുവട് മുന്നിലാണ്. സുരേഷ് ഗോപി എം. പി.യും ബിജെപി. ജില്ലാ നേതാക്കളും സമരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. പൂർണ്ണമായും പാർട്ടി ഗ്രാമത്തിൽ ഇങ്ങിനെ ഒരു വേദി ലഭിച്ചത് മുതലെടുക്കാനുള്ള തന്ത്രത്തിലാണ് ബിജെപി. കേരളത്തിലെ വികസന തീവ്രവാദത്തിനെതിരെയുള്ള ശക്തമായ താക്കീതാണ് ഇന്നലത്തെ സമരം കൊണ്ട് വയൽക്കിളികൾ ഉദ്ദേശിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. പിസി ജോർജും സമരത്തിന് എത്തിയതും ആവശേമായി.