ബാഴ്സലോണ: ബ്രസീലിന്റെ സൂപ്പർ താരം നെയ്മർക്ക് ബാഴ്സലോണ വിടാൻ അനുമതി. ബുധനാഴ്ച ബാഴ്സയുടെ പരിശീലന ഗ്രൗണ്ടിലെത്തിയ നെയ്മർ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്നും പി എസ് ജിക്ക് വേണ്ടി തുടർന്ന് കളിക്കുമെന്നും സഹതാരങ്ങളെയും മാനേജ്മെന്റിനെയും അറിയിക്കുകയായിരുന്നു.

ടീമിനൊപ്പം അരമണിക്കൂറോളം ഗ്രൗണ്ടിൽ ചെലവഴിച്ച നെയ്മറിന് പരിശീലനത്തിനിറങ്ങാൻ കോച്ച് ഏണസ്റ്റോ വാൽവേഡ് അനുമതി നൽകിയില്ല. 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മറുടെ കൂടുമാറ്റം. ഈ കനത്ത തുകയ്ക്ക് പുറമെ മാർക്കോ വെറാറ്റി, ജൂലിയൻ ഡ്രാക്സ്ലർ, എയ്ഞ്ചൽ ഡി മരിയ, അഡ്രിയൻ റാബിയോട്ട് എന്നിവരിൽ ആരെയെങ്കിലും കൂടി ലഭിക്കണമെന്നൊരു ആവശ്യം ബാഴ്സ പി.എസ്.ജിക്ക് മുൻപാകെ വച്ചിട്ടുണ്ട്.

നെയ്മറെ കുടുക്കാൻ ബാഴ്സലോണ നടപടികളാരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒപ്പുവച്ച കരാർ ലംഘിച്ചതിന്റെ പേരിൽ താരത്തിന് നൽകേണ്ട 200 കോടിയോളം രൂപയുടെ ബോണസ് നിഷേധിക്കാനായിരുന്നു നീക്കം. നെയ്മർക്കായി പി എസ് ജി 1,722 കോടി രൂപ മുടക്കുന്നത് യുവേഫയുടെ ധനകാര്യ ചട്ടങ്ങളുടെ ലംഘനമാണെന്നും ഈ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ബാഴ്സ ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇരുപത്തിയഞ്ചുകാരനായ നെയ്മറുടെ മൂന്നാമത്തെ ക്ലബാണ് പി.എസ്.ജി. ബ്രസീലിയൻ ക്ലബായ സാന്റോസിൽ കളിച്ചുതുടങ്ങിയ നെയ്മർ 2013ലാണ് ബാഴ്സയിൽ മെസ്സിക്കും സുവാരസിനുമൊപ്പം ചേരുന്നത്. ക്ലബിനുവേണ്ടി 123 മത്സരങ്ങളിൽ നിന്ന് 68 ഗോൾ നേടിയിട്ടുണ്ട്.
അതിനിടെ നെയ്മറിനെ ചാരനെന്നും വഞ്ചകനെന്നും ആക്ഷേപിക്കുന്ന പോസ്റ്ററുകൾ ബാഴ്സലോണയിലെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.