പാരിസ്: ഫ്രഞ്ച് ലീഗിനിടെ പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർക്ക് ഗുരുതര പരിക്ക്. മാർസെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നെയ്മർ വേദന സഹിക്കാനാകാതെ ഗ്രൗണ്ടിൽ കിടന്നു പൊട്ടിക്കരഞ്ഞത്. തുടർന്ന് സ്‌ട്രെച്ചറിലാണ് നെയ്മറിനെ പുറത്തേക്ക് കൊണ്ടുപോയത്.

മാഴ്‌സ താരം പന്തു തട്ടിയെടുത്തു മുന്നേറിയപ്പോൾ നെയ്മറിന്റെ കാലിന്റെ പിന്നിൽ ശക്തമായി ഇടിക്കുകയും പിന്നീട് കാലിടറി വീഴുകയായിരുന്നു. എന്നാൽ, പരിക്ക് ഉടൻ ഭേദപ്പെടുമെന്നും ചാമ്ബ്യൻസ് ലീഗിലെ റയലിനെതിരായ മത്സരത്തിൽ നെയ്മർ കളിച്ചേക്കുമെന്നും പിഎസ്ജി പരിശീലകൻ ഇമെറി മാധ്യമങ്ങളെ അറിയിച്ചു.

മാർച്ച് ആറിനാണ് ചാമ്ബ്യൻസ് ലീഗിൽ പി.എസ്.ജി-റയൽ മാഡ്രിഡ് രണ്ടാം പാദ മത്സരം. ആദ്യ പാദത്തിൽ റയലിനോട് 3-1ന് പരാജയപ്പെട്ടിരുന്ന പി.എസ്.ജിക്ക് നെയ്മറർ കളിക്കാതിരുന്നാൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

മത്സരത്തിൽ പി എസ് ജി മാഴ്‌സയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. മത്സരത്തിന്റെ രണ്ടാം പകുതിയുടെ 86ാം മിനിറ്റിലാണ് സൂപ്പർ താരത്തിന് പരിക്കേറ്റത്.