- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടിനെ കാട്ടി കെണിയൊരുക്കിയിട്ടും കൂട്ടിലേക്ക് എത്തിയില്ല; നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് രക്ഷപെട്ട കടുവയെ മയക്കുവെടി വെച്ചു; മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമായത് ഇങ്ങനെ
തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് രക്ഷപെട്ട കടുവയെ മയക്കുവെടി വെച്ചത് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ. കഴിഞ്ഞ ദിവസം ഉച്ചയോടെ കൂട്ടിൽ നിന്നും ചാടിപ്പോയ കടുവയെ വൈകിട്ടോടെ തന്നെ കണ്ടെത്തിയെങ്കിലും കെണിവെച്ച് പിടിക്കാനും മയക്കുവെടി വെച്ച് പിടിക്കാനുമുള്ള ശ്രമങ്ങൾ പലപ്പോഴും പാളുകയായിരുന്നു. ഒടുവിൽ ഇന്ന് ഉച്ചയോടെയാണ് കടുവയെ മയക്കുവെടി വെക്കാനായത്.
ശനിയാഴ്ച ഉച്ചയോടെയാണ് ഒമ്പത് വയസുള്ള കടുവ കൂട്ടിൽ നിന്നും രക്ഷപെട്ടത്. ചികിത്സക്കായി ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ച് മുകളിൽ കയറിയാണ് കടുവ രക്ഷപെട്ടത്. മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടർമാരും ചേർന്ന് കൂട്ടിലേക്ക് മാറ്റും. വയനാട് പുൽപ്പള്ളിയിൽ നാട്ടിലിറങ്ങി ആക്രമണകാരിയായി മാറി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ കടുവയെ ചൊവ്വാഴ്ചയാണ് നെയ്യാർഡാമിൽ എത്തിച്ചത്. ഒൻപത് വയസ്സുള്ള പെൺകടുവയാണ് കൂട്ടിൽനിന്നു ചാടിപ്പോയത്. ഡി.എഫ്.ഒ. ജെ.ആർ.അനി, നെയ്യാർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജി.സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വലിയ സംഘം വനം ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു.
വയനാട്ടിൽനിന്ന് നെയ്യാർഡാമിലെത്തിച്ച് വനംവകുപ്പിന്റെ സിംഹസഫാരി പാർക്കിലെ കൂട്ടിൽ പാർപ്പിച്ചിരുന്ന കടുവയാണ് ചാടിപ്പോയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നെയ്യാർ ജലാശയത്തിലെ മരക്കുന്നം ദ്വീപിലാണ് പാർക്ക് എന്നതിനാൽ കടുവ ജനവാസകേന്ദ്രത്തിൽ എത്തില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. കടുവയെ തിരിച്ചു കൂട്ടിലെത്തിക്കാനുള്ള ശ്രമം ശനിയാഴ്ച മുതൽ ആരംഭിച്ചിരുന്നെങ്കിലും ഇന്ന് ഉച്ചയോടെയാണ് ഫലം കണ്ടത്.
കൂട്ടിൽനിന്നു രക്ഷപ്പെട്ട കടുവയെ കണ്ടെത്താൻ ക്യാമറ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ചു നടത്തിയ തിരച്ചിലിൽ വൈകീട്ടോടെ സഫാരി പാർക്കിന്റെ പ്രവേശനകവാടത്തിനു സമീപമുള്ള പാറയ്ക്ക് അരികിലായി കടുവയെ കണ്ടെത്തിയിരുന്നു. തുടർന്ന് മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ അടുത്തുള്ള പൊന്തക്കാട്ടിലേക്കു മറഞ്ഞ കടുവയെ സന്ധ്യയായിട്ടും കണ്ടെത്താനായില്ല. ആളനക്കം ഉണ്ടാകുമ്പോൾ പൊന്തക്കാടുകൾ നിറഞ്ഞ ഇടങ്ങളിലേക്ക് കടുവ നീങ്ങിയതാണ് അധികൃതരെ കുഴക്കിയത്. രാത്രിയോടെ കൂടിനുള്ളിൽ ആടിനെ കെട്ടി കടുവയെ ആകർഷിക്കാൻ നടപടി ആരംഭിച്ചെങ്കലും അതു ഫലം കണ്ടിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടു തിരച്ചിൽ ആരംഭിച്ചത്. ഉച്ചയോടെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.
ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു മുകളിൽ കയറിയായിരുന്നു കടുവ രക്ഷപെട്ടത്. അതേസമയം ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നത്തിൽ വ്യക്തത ആയിട്ടില്ല. ഇതുസംബന്ധിച്ച് വിശദമായി പരിശോധിക്കും എന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
മറുനാടന് ഡെസ്ക്