നെയ്യാറ്റിൻകര: പോങ്ങിൽ രാജനേയും അമ്പിളിയേയും ചുട്ടെരിച്ചത് പൊലീസായിരുന്നു. രാജന്റേയും അമ്പിളിയുടേയും കു്ട്ടികൾക്കൊപ്പമായിരുന്നു സമൂഹം. എന്നാൽ ഇതുവരെ പൊലീസുകാർക്കെതിരെ ഒരു നടപടി പോലും ഉണ്ടായില്ല. ഇതിനിടെ രാജന്റേയും അമ്പിളിയുടേയും മക്കൾക്ക് കേസിൽ കിടക്കുന്ന വസ്തു വിലയ്ക്ക് വാങ്ങി കൊടുക്കാനും ആളെത്തി. പരസ്യങ്ങളിലൂടെ മാധ്യമങ്ങളെ സ്വാധീനിക്കുന്നവർ നെയ്യാറ്റിൻകരയിൽ എത്തിയപ്പോൾ ആ വസ്തു വസന്തയെന്ന സ്ത്രീയ്ക്ക് സ്വന്തമാണെന്ന പ്രചരണവും സജീവമായി. ഇതിനിടെ തഹസീൽദാറുടെ റിപ്പോർട്ടും ചർച്ചയായി. ഇതോടെ പൊലീസ് ജീവനെടുത്തവർ കുറ്റക്കാരാണെന്ന സംശയം ഉയർന്നു. എന്നാൽ നെയ്യാറ്റിൻകരയിൽ നീതി ഉറപ്പാക്കുകയാണ് ജില്ലാ കളക്ടർ.

നെയ്യാറ്റിൻകര സംഭവത്തിൽ പോങ്ങിൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിലെ വിവാദവസ്തുവിന്റെ പട്ടയം റദ്ദാക്കിയേക്കും. ഇതുസംബന്ധിച്ച് കളക്ടർ സർക്കാരിന് റിപ്പോർട്ടു നൽകി. വിവാദഭൂമിയിൽ വസന്തയ്ക്കു പട്ടയം നൽകിയത് വ്യവസ്ഥകൾ പാലിക്കാതെയാണെന്ന് കളക്ടറുടെ റിപ്പോർട്ടിലുള്ളതായി സൂചനയുണ്ട്. അങ്ങനെയെങ്കിൽ പട്ടയം റദ്ദാക്കപ്പെടും. ഈ വസ്തുത ചൂണ്ടിക്കാട്ടിയാണ് രാജനും നിയമ പോരാട്ടത്തിന് ഇറങ്ങിയത്. വിവാദ വസ്തുവിൽ വസന്തയ്ക്ക് യാതൊരു അവകാശും ഇല്ലെന്നാണ് രാജനും വാദിച്ചത്. ഇതാണ് ഈ മനുഷ്യന്റേയും ഭാര്യയുടേയും ജീവനെടുത്തതും. അങ്ങനെ രാജൻ ഉയർത്തിയ പോരാട്ടം കളക്ടറും ശരിവയ്ക്കുകയാണ്.

രാജനും കുടുംബവും കൈയേറി താമസിച്ച വസ്തു, വസന്തയുടെ പേരിൽ പട്ടയം ലഭിച്ച വസ്തുവായിരുന്നെന്നാണ് അതിയന്നൂർ വിേേല്ലജാഫീസിലെ രേഖകൾ വ്യക്തമാക്കിയത്. എന്നാൽ, 1989-ൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിലെ ഈ വസ്തുവിന് പട്ടയം ലഭിച്ചത് സുകുമാരൻ നായർ എന്നയാൾക്കാണ്. സുകുമാരൻ നായർക്ക് പട്ടയം നൽകുമ്പോഴുണ്ടായിരുന്ന വ്യവസ്ഥപ്രകാരം, പന്ത്രണ്ടു വർഷം കഴിഞ്ഞേ വസ്തു കൈമാറാൻ പാടുള്ളൂ. ഇതു ലംഘിച്ച് ആദ്യം ഈ വസ്തു സുഗന്ധി എന്നയാൾക്കു കൈമാറിയത് സുകുമാരൻനായരുടെ അമ്മ വനജാക്ഷിയാണ്.

നിയമപരമായി സുകുമാരൻ നായരുടെ ഭാര്യയും മക്കളും അമ്മ വനജാക്ഷിയും ചേർന്നാവണം വസ്തു കൈമാറേണ്ടിയിരുന്നത്. പകരം വനജാക്ഷി മാത്രമായി ഈ വസ്തു കൈമാറിയത് നിയമപരമായി നിലനിൽക്കുന്നതല്ല. ഇതു തന്നെയാണ് രാജനും പറഞ്ഞത്. ഇത് സമൂഹത്തിന് മുന്നിൽ ബോധ്യപ്പെടുത്താനായിരുന്നു രാജന്റെ പോരാട്ടവും. 2007-ലാണ് സുഗന്ധിയിൽനിന്ന് വസന്ത ഈ വസ്തു വാങ്ങിയത്. സുഗന്ധി ഈ വസ്തു വാങ്ങുമ്പോൾ സർക്കാർ വ്യവസ്ഥചെയ്ത 12 വർഷം കഴിഞ്ഞില്ലെന്നാണ് ജില്ലാ കളക്ടർക്കുവേണ്ടി റിപ്പോർട്ട് തയ്യാറാക്കിയ ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ ജി.കെ.സുരേഷ് കണ്ടെത്തിയത്.

അതുകൊണ്ടുതന്നെ ഈ വസ്തുക്കൈമാറ്റം നിയമപരമായിരുന്നില്ലെന്നാണ് കണ്ടെത്തൽ. അങ്ങനെ കൈമാറിക്കിട്ടിയ വസ്തു വീണ്ടും സുഗന്ധി, വസന്തയ്ക്കു കൈമാറുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ വസ്തുവിൽ വസന്തയ്ക്ക് അവകാശമൊന്നുമില്ല. പണം കൊടുത്ത വാങ്ങിയെങ്കിൽ പോലും അത് നിയമപരമല്ല. അതുകൊണ്ട് തന്നെ ഈ വസ്തു രാജന്റെ കുട്ടികൾക്ക് കൈമാറാൻ ഒരു മുതലാളിയും പണം മുടക്കേണ്ടതില്ല. ജപ്തിക്കെത്തിയ പൊലീസിന്റെ ഇടപെടലാണ് ഈ കുരുന്നുകൾക്ക് അച്ഛനേയും അമ്മയേയും നഷ്ടമാക്കിയത്. അതുകൊണ്ട് തന്നെ ഈ വസ്തു ആരുടേയും സഹായമില്ലാതെ കുട്ടികൾക്ക് സർക്കാരിന് നൽകാം.

ഇപ്പോൾ വസന്തയുടെ പേരിലുള്ള പട്ടയം റദ്ദാക്കി സ്ഥലം സർക്കാർ ഏറ്റെടുത്ത് രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും പേരിൽ കൈമാറാനാണ് സാധ്യത. ഈ വസ്തുവിന്റെ പട്ടയം സുകുമാരൻ നായർ, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരിലാണെന്ന് താലൂക്കോഫീസിൽനിന്ന് വിവരാവകാശരേഖ പ്രകാരം മറുപടി ലഭിച്ച ശേഷമാണ് ഒന്നര വർഷം മുൻപ് രാജനും കുടുംബവും ഇവിടെ കുടിൽകെട്ടിയത്. എന്നാൽ, അതിയന്നൂർ വില്ലേജോഫീസിൽനിന്നു ലഭിച്ച പട്ടയവും കരംതീർത്ത രസീതും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയാണ് ഇതിനെതിരേ വസന്ത വിധി സമ്പാദിച്ചത്.

നിയമപരമായി ചെയ്യാൻ കഴിയാത്ത വസ്തുവില്പന പ്രമാണം ചെയ്തു നൽകിയതും പിന്നീട് ഈ വസ്തുവിനു പട്ടയം നൽകിയ നടപടിയും കരംതീർത്തു നൽകിയ നടപടിയും ചോദ്യംചെയ്യപ്പെടും. ലക്ഷംവീട് കോളനികളിലെ സ്ഥലം കൈമാറാൻ പാടില്ലെന്നാണ് ആദ്യ വ്യവസ്ഥ. എന്നാൽ, ഈ വ്യവസ്ഥ പിന്നീട് പന്ത്രണ്ടു വർഷം കഴിഞ്ഞ് നീക്കി. വ്യവസ്ഥ നീക്കിയ പശ്ചാത്തലത്തിൽ വസ്തുക്കൈമാറ്റങ്ങൾ വ്യാപകമായി. ഇതിനെത്തുടർന്ന് വസ്തു കൈമാറാൻ പാടില്ലെന്നു കാണിച്ച് വീണ്ടും സർക്കാർ ഉത്തരവിറക്കി.

ഈ ഉത്തരവു നിൽക്കെയാണ് നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ വസന്തയുടെ പേരിൽ വിവാദ വസ്തു പ്രമാണംചെയ്തതും പട്ടയം നൽകിയതും. ഇങ്ങനെ നിയമപരമായി വാങ്ങാൻ കഴിയാത്ത വസ്തുവാണ് ബോബി ചെമ്മണ്ണൂരും കുട്ടികൾക്ക് വേണ്ടി വാങ്ങിയെന്ന് വീമ്പു പറഞ്ഞതെന്നാണ് വസ്തുത. 100 രൂപ മുദ്രപത്രത്തിലായിരുന്നു ഇത് കരാറാക്കിയത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് കളക്ടറുടെ റിപ്പോർട്ട് ചർച്ചയാകുന്നത്.