- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറ്റിന്‍കര നല്‍കുന്ന പാഠം എന്ത്? ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടി താങ്കള്‍ സമുദായ നേതാക്കളെ നിലയ്ക്ക് നിര്‍ത്തുമോ?
വിശ്രുതനായ മലയാള പത്രപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇന്നലെ ഇങ്ങനെ രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അര്‍ത്ഥം വോട്ടര്‍മാര്‍ കാലുമാറ്റത്തെ അംഗീകരിക്കുന്നുവെന്നാണോ? എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അര്‍ത്ഥം വോട്ടര്‍മാര്‍ കൊലപാതക രാഷ്ട്രീയം അംഗീകരിക്കുന്നുവെന്നാണോ? ബിജെപി സ
വിശ്രുതനായ മലയാള പത്രപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇന്നലെ ഇങ്ങനെ രേഖപ്പെടുത്തി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അര്‍ത്ഥം വോട്ടര്‍മാര്‍ കാലുമാറ്റത്തെ അംഗീകരിക്കുന്നുവെന്നാണോ? എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അര്‍ത്ഥം വോട്ടര്‍മാര്‍ കൊലപാതക രാഷ്ട്രീയം അംഗീകരിക്കുന്നുവെന്നാണോ? ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അര്‍ത്ഥം വോട്ടര്‍മാര്‍ ഹിന്ദുത്വത്തെ അംഗീകരിക്കുന്നുവെന്നാണോ?
ഈ തെരഞ്ഞെടുപ്പ് ഫലത്തെ വില ഇരുത്തുമ്പോള്‍ ആര്‍ക്കും സംഭവിക്കാവുന്ന ആശയക്കുഴപ്പങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചിരിക്കുകയാണ് ശ്രീ ഭാസ്‌ക്കര്‍.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും ബിജെപിയുടെ സമുദായ രാഷ്ട്രീയത്തിനും എതിരായി ജനങ്ങള്‍ പ്രതികരിച്ചു എന്ന നിലയിലാണ് ഇപ്പോള്‍ പ്രതികരണങ്ങള്‍ പോകുന്നത്. വിപ്ലവത്തിന്റെ ചുവന്ന ഉടുപ്പുകള്‍ ഒരു സുപ്രഭാതത്തില്‍ അഴിച്ചു വച്ച് കോണ്‍ഗ്രസിന്റെ വടിവൊത്ത വെള്ള ഖദര്‍ ധരിച്ച ശെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ധാര്‍മ്മികതയെ സംശയിച്ചവരുടെ കൂട്ടത്തിലാണ് ഞങ്ങളും. ടിപി ചന്ദ്രശേഖരന്‍ വധവും എംഎം മണിയുടെ നെറികെട്ട വര്‍ത്തമാനവും സൃഷ്ടിച്ച സിപിഎം വിരുദ്ധ വികാരം ഇല്ലായിരുന്നെങ്കില്‍ ശെല്‍വരാജ് വിജയിക്കുകയില്ലായിരുന്നു എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞങ്ങള്‍ ഇപ്പോഴും. കാരണങ്ങള്‍ എന്തു തന്നെ ആയാലും ശെല്‍വരാജിനെ തന്നെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാവൂ.
മൂന്ന് സ്ഥാനാര്‍ത്ഥികളും ഏതാണ്ട് ഒരു പോലെ വോട്ട് പിടിച്ചതുകൊണ്ട് നെയ്യാറ്റിന്‍കരയിലെ ഭൂരിപക്ഷം പേരുടെ പിന്തുണയോടെയാണ് സെല്‍വരാജ് വിജയിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ക്ക് പോലും പറയില്ല. കഴിഞ്ഞ തവണ സെല്‍വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നപ്പോള്‍ മത്സരിച്ച് നേടിയതിനേക്കാള്‍ കുറഞ്ഞ വോട്ടാണ് ഇക്കുറി വിജയിച്ച ശെല്‍വരാജ് നേടിയത്. ഇടത് മുന്നണിക്കും വോട്ട് കുറഞ്ഞു. ഇതിനര്‍ത്ഥം നെയ്യാറ്റിന്‍കരയിലെ ഭൂരിപക്ഷത്തിന്റെ എംഎല്‍എ അല്ലെ ശെല്‍വരാജ് എന്ന് തന്നെയാണ്. സര്‍ക്കാരിന്റെ നമ്പര്‍ ഗെയിംമില്‍ വോട്ട് നില ഒരു ഘടകമേ അല്ല എങ്കിലും വിജയിച്ച ശെല്‍വരാജും വിജയിപ്പിച്ച യുഡിഎഫും ഇത് മറക്കാന്‍ പാടില്ല.
ഈ തെരഞ്ഞെടുപ്പ് ചില നല്ല കാര്യങ്ങളും ചില മോശം കാര്യങ്ങളും മുമ്പോട്ട് വയ്ക്കുന്നുണ്ട്. അവസരവാദ രാഷ്ട്രീയത്തിനുള്ള അംഗീകാരം എന്ന നിലയിലും പിസി ജോര്‍ജിനെപോലെ നാക്കിന് എല്ലില്ലാത്ത ഒരു നേതാവിന് നല്‍കുന്ന ലൈസന്‍സ് എന്ന നിലയിലും ഈ തെരഞ്ഞെടുപ്പ് തെറ്റായ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേരള രാഷ്ട്രീയത്തെ തന്റെ മുട്ടാളന്‍ രീതിയ്ക്കുള്ളില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന ജോര്‍ജ് ഇനി കേരളം മുഴുവന്‍ നടന്ന് ഗീര്‍വാണം മുഴക്കും. ജോര്‍ജിന്റെ കത്തി മുനകളില്‍ വീണുടയാന്‍ ഇനിയും കേരളത്തിന് ഏറെ ദുര്യോഗം ബാക്കി ഉണ്ടെന്ന് സാരം.
എന്നാല്‍ ഈ തെരഞ്ഞെടുപ്പ് മുമ്പോട്ട് വയ്ക്കുന്ന ഏറ്റവും വലിയ സന്ദേശം സമുദായ നേതാക്കളുടെ എല്ലില്ലാത്ത നാക്കിന് വച്ച കൊളുത്താണ്. ജാതി മത ഭേദമനേ്യ എല്ലാ സമുദായ നേതാക്കളും രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെടുകയും തങ്ങളാല്‍ ആകുന്ന വിധം കേരളത്തിന്റെ സാമൂഹ്യ പരിതസ്ഥിതിയില്‍ വിഷം തളിക്കുകയും ചെയ്ത നാളുകളാണ് കടന്നു പോയത്. യുഡിഎഫ് ഭരണത്തില്‍ മുസ്ലീം ക്രിസ്റ്റ്യന്‍ സമുദായത്തിന് ലഭിക്കുന്ന പ്രകടമായ അമിത പ്രാധാന്യവും അതേക്കുറിച്ചുള്ള ചര്‍ച്ചകളുമാണ് കേരളത്തിന്റെ സാമൂഹ്യ ക്രമത്തെ ഇത്രമേല്‍ ജാതിവല്‍ക്കരിച്ചത്. ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തോട് നീതി പുലര്‍ത്തുന്നില്ല എന്ന ആരോപണം ശക്തമാവുകയും അതിന് അനുസരിച്ച് രണ്ട് പ്രധാന സമുദായ സംഘടനകള്‍ ഒച്ചയിടുകയും ചെയ്തതോടെ കേരളം വ്യക്തമായ ജാതി ധ്രുവീകരണത്തിലായി.
നെയ്യാറ്റിന്‍കരയിലൂടെ തിരിച്ചടി നല്‍കാന്‍ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് നേതാവ് ജി സുകുമാരന്‍ നായരും പരസ്യമായി ആഹ്വാനം നല്‍കി. നടേശന് നക്കാപ്പിച്ച കൊടുത്ത് പറ്റിക്കാന്‍ ഇടയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞെങ്കിലും നായര്‍ അവസാന നിമിഷം വരെ വെളിച്ചപ്പാടിനെപ്പോലെ കലി തുള്ളി കൊണ്ടിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ഒ രോജഗോപാലാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥി എന്ന് പരസ്യമായും രാഷ്ട്രീയമായും നായര്‍ വ്യക്തമാക്കകയും ചെയ്തു. സുകുമാരന്‍ നായരുടെ അഭിപ്രായം സാധാരണ നായര്‍ സമുദായ അംഗങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ തീര്‍ച്ചയായും ഒ രാജഗോപാല്‍ തന്നെ നെയ്യാറ്റിന്‍കരയില്‍ ജയിക്കുമായിരുന്നു. കാരണം അതി നിര്‍ണ്ണായകമായ നായര്‍ വോട്ടുകള്‍ ഉള്ള മണ്ഡലമാണ് ഇത്. മുമ്പ് നായന്‍മാര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിരുന്നപ്പോള്‍ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അവര്‍ പലതവണ ജയിപ്പിച്ചിട്ടുള്ളതാണ്.
സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളി നടേശന്റെയും തീവ്ര ജാതി വാദം തള്ളിക്കളയാനാണ് പക്ഷെ നെയ്യാറ്റിന്‍കരയിലെ നായന്‍മാരും ഈഴവരും തീരുമാനിച്ചത്. നായരും ഈഴവനും കത്തോലിക്കനും മുസ്ലീമും ഒക്കെ ആകുന്നതിന് മുമ്പ് തങ്ങള്‍ മനുഷ്യരും ഇന്ത്യാക്കാരും കേരളീയരുമാണെന്ന് ഇവിടുത്തുകാര്‍ തിരിച്ചറിഞ്ഞു. സെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തിയ സദാചാര പ്രശ്‌നത്തേക്കാള്‍ പ്രാധാന്യം ഈ സമുദായിക ധ്രുവീകരണ വിരുദ്ധ വികാരത്തിന് ലഭിച്ചു എന്നു വേണം വിലയിരുത്താന്‍. ഇക്കാര്യത്തില്‍ ഈ മണ്ഡലത്തിലെ ഹിന്ദുക്കള്‍ കാണിച്ച ഉയര്‍ന്ന ദേശീയത എത്ര അഭിനന്ദിച്ചാലും വലുതാകില്ല. എല്ലാ സമുദായങ്ങളെയും വിശ്വാസങ്ങളെയും സഹിഷ്ണതയോടെ ഉള്‍ക്കൊള്ളുക എന്നതാണ് ഹിന്ദു സംസ്‌കാരത്തിന്റെ പൊരുള്‍ തന്നെ. ആ പൊരുളാണ് ആത്മാഭിമാനം ഉള്ള നെയ്യാറ്റിന്‍കരയിലെ ഹിന്ദുക്കള്‍ ഉയര്‍ത്തി പിടിച്ചത്.
ഇത് ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടി കണ്ടില്ലെന്ന് നടിക്കരുതെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. വിവാദങ്ങളും പ്രശ്‌നങ്ങളും കത്തി ജ്വലിച്ച് നിന്നിട്ടും കൃത്യമായ ലക്ഷ്യബോധത്തോടെ കേരളത്തെ നയിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിനുള്ള അംഗീകാരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. ഭൂരിപക്ഷത്തിന്റെ നൂല്‍പ്പാലം എന്ന കടമ്പയാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി കണ്ടിരിക്കുന്നത്. ഭരണ രംഗത്ത് മുഖ്യമന്ത്രി നടത്തുന്ന വിപ്ലവകരമായ പരിഷ്‌ക്കാരങ്ങള്‍ ഇനി കൂടുതല്‍ വേഗത്തോടെ മുമ്പോട്ട് കൊണ്ടുപോകണം. ജനങ്ങള്‍ തള്ളിക്കളഞ്ഞ സമുദായ നേതാക്കള്‍ക്ക് വേണ്ടി ആവശ്യമില്ലാതെ വഴങ്ങുന്ന ഉമ്മന്‍ചാണ്ടിയുടെ രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് ജാതിയും മതവും അല്ല, ഈ നാടിന്റെ വളര്‍ച്ചയും നിലനില്‍പ്പുമാണ് പ്രധാനം. അതുകൊണ്ട് സമുദായങ്ങള്‍ ആണെന്ന ഉമ്പാക്കി കാട്ടി ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സമുദായചാര്യന്മാരെ ഗൗനിക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ തങ്ങള്‍ ഭരണം തുടരണം എന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന.അതുകൊണ്ട് ഒരു വലിയസമുദായം എന്തിനും തയ്യാറായി എന്റെ കൂടെ ഉണ്ട് എന്ന ഉമ്മാക്കി കാട്ടി ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സമുദായ ആചാര്യന്മാരെ ഗൗനിക്കാതെ നിശ്ചയ ദാര്‍ഢ്യത്തോടെ ഭരണം മുന്‍പോട്ട് കൊണ്ടു പോവാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയണം.