തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‌പിയുമായുണ്ടായ സംഘട്ടനത്തെ തുടർന്ന് കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ ഉപവാസത്തിനൊരുങ്ങുന്നു. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് സനലിന്റെ ഭാര്യ ഏകദിന ഉപവാസം നടത്തുക. സനൽകുമാർ കൊല്ലപ്പെട്ട സ്ഥലത്ത് തന്നെയായിരിക്കും ഉപവാസം അനുഷ്ടിക്കുക. കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സനലിന്റെ ഭാര്യ വിജി നേരത്തെ പറഞ്ഞിരുന്നു. കേസിൽ ഇതുവരം രണ്ട് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഡിവൈഎസ്‌പിക്ക് സിം കാർഡ് എടുത്ത് നൽകിയ സതീഷ്, രക്ഷപ്പെടാൻ കാർ എത്തിച്ച അനൂപ് കൃഷ്ണ എന്നിവരാണ് പൊലീസ് പിടിയിലായത്.

പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രതി പൊലീസുകാരൻ ആയത്‌കൊണ്ട് തന്നെ പിടികൂടാൻ താൽപര്യമില്ലാത്തത് പൊലെയാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അത്‌കൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്നും സമരത്തിന് ഒരുങ്ങുന്നതെന്നും സനലിന്റെ ഭാര്യ വിജി പറയുന്നു. കോടതിയിൽ നിന്ന് മാത്രമെ നീതി ലഭിക്കുകയുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വാക്കുതർക്കത്തെ തുടർന്ന് ഹരികുമാർ പിടിച്ചു തള്ളിയ സനൽകുമാർ വാഹനമിടിച്ച് മരിച്ചത്. തുടർന്ന് ഹരികുമാറിനെതിരെ കേസെടുക്കുകയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ഹരികുമാറും സുഹൃത്ത് ബിനുവും ഒളിവിലാണ്. ഇവർക്ക് സിം കാർഡ് എടുത്തു കൊടുത്ത സതീഷ് എന്നയാളെ പൊലീസ് ഞായറാഴ്ച തമിഴ്‌നാട്ടിൽനിന്ന് ക്രൈം ബ്രാഞ്ച് പിടികൂടിയത്. അതേസമയം അന്വേഷണം ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപിച്ച നടപടിയിൽ തൃപ്തിയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്നും വിജി പറഞ്ഞു.

നെയ്യാറ്റിൻകര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും എന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയാണ് അന്വേഷണത്തിന് നിലവിൽ നേതൃത്വം നൽകുന്നത്. എന്നാൽ ഈ അന്വേഷണം മതിയാകില്ലെന്നും ഐ പി എസ് ഉദ്യോഗസ്ഥനെ അന്വേഷണം നേരിട്ട് ഏൽപിക്കണമെന്നുമായിരുന്നു സനൽകുമാറിന്റെ കുടുംബത്തിന്റെ ആവശ്യം. അല്ലെങ്കിൽ സമരം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും തിങ്കളാഴ്ച ഹൈക്കോടതിൽ ഹർജി നൽകുമെന്നും സനലിന്റെ ഭാര്യ വിജി വ്യക്തമാക്കിയിരുന്നു.