തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ കോവിഡ് രോഗികൾക്ക് പ്രത്യേകം സജ്ജീകരണം, പുതിയ എഫ്ളൂവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബയോപാർക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. നെയ്യാറ്റിൻകര ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ, കോവിഡ് രോഗികൾക്കായി ഒരുക്കിയ പ്രത്യേകം സജ്ജീകരണത്തിന്റെ ഉദ്ഘാടനത്തോടൊപ്പം, പുതിയ എഫ്ളൂവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണ ഉദ്ഘാടനവും ശുചിത്വമിഷന്റെ സഹായത്തോടെ നിർമ്മിച്ച ബയോപാർക്ക് ഉദ്ഘാടനവും ജൂലൈ 14 ന് നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് നിർവഹിച്ചു. എംഎ‍ൽഎ. മാരായ ശ്രീ. കെ. അൻസലൻ, ശ്രീ. സി.കെ. ഹരീന്ദ്രൻ എന്നിവർ മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ കോവിഡ് രോഗികൾക്ക് പ്രത്യേകം സജ്ജീകരണം ഒരുക്കുന്നത്. ആവശ്യമെങ്കിൽ ഈ പ്രക്രിയ മറ്റു ജില്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. ജില്ലാ പഞ്ചായത്തിന്റെ 'ആശ്വാസ്' പദ്ധതിപ്രകാരം ജില്ലയിലെ ഗ്രാമീണ മേഖലയിലെ നിർധനരായ  ഏകദേശം ആയിരത്തിനടുത്ത്   വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യം വിവിധ ആശുപത്രികളിലായി  ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം അഞ്ച് ഡയാലിസിസ് ആണ് ഇവർക്ക് ജില്ലാ പഞ്ചായത്ത് മുഖേന സൗജന്യമായി  നൽകുന്നത്. സൗജന്യ ഡയാലിസിസിന് പുറമെ കരൾ, വൃക്ക എന്നിവ മാറ്റിവെച്ച നിർധനരായ  നൂറുകണക്കിന് വ്യക്തികൾക്ക്  പ്രതിമാസം നിശ്ചിത വിലയ്ക്കുള്ള മരുന്നുകൾ സൗജന്യമായി വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട് എന്നത് അഭിമാനകരമാണ്. കോവിഡ് മഹാമാരിക്കാലത്ത് വരുമാനം മുടങ്ങിയ നിർധനരായ മേല്പറഞ്ഞ വിഭാഗം രോഗികൾക്ക് ഏറെ ആശ്വാസകരമാണ് ജില്ലാ പഞ്ചായത്തിന്റെ ഈ അഭിമാന പദ്ധതി.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാതൃകാപരമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് തിരുവനന്തപുരം ജില്ലയിൽ നടത്തിവരുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട്, പേരൂർക്കട, നെയ്യാറ്റിൻകര ആശുപത്രികളിൽ കോവിഡ് - 19 വാർഡുകൾ  ആരംഭിച്ച്  സൗജന്യ ഭക്ഷണം, മരുന്ന്, ചികിത്സാ ഉപകരണങ്ങൾ എന്നിവ എല്ലാദിവസവും മുടക്കമില്ലാതെ എത്തിച്ചുവരുന്നു.

ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളിലെയും മലിനജലം ശാസ്ത്രീയമായി ശുദ്ധീകരിച്ചു പുനരുപയോഗത്തിന് യോഗ്യമാക്കാൻ സാധിക്കുന്ന നിലയിൽ ഒരു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള എഫ്‌ളൂവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിപുലീകരിക്കുന്നതിനാണ്  ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപയ്ക്ക് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഓപ്പറേഷൻ തീയേറ്റർ, ടോയിലെറ്റ്, അലക്ക് യൂണിറ്റ് എന്നിവിടങ്ങളിൽ  നിന്നുള്ള വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് വഴി ട്രീറ്റ്‌മെന്റ് നടത്തി തിരികെ ഫ്‌ളഷിങ് സിസ്റ്റത്തിലേക്ക് പുനരുപയോഗിക്കുന്നതിന് വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.  ആശുപത്രി ഖര മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന ശുചിത്വമിഷന്റെ മേൽനോട്ടത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന ഐആർടിസി എന്ന സ്ഥാപനം നിർമ്മിച്ചിരിക്കുന്ന ബയോപാർക്ക് നിലവിൽവരുന്നതോടെ ആശുപത്രിയിലെ ജൈവ മാലിന്യസംസ്‌കരണത്തിന് വലിയതോതിൽ മാറ്റമുണ്ടാക്കുവാൻ സാധിക്കും.

നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ. രാജ് മോഹൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത എസ്., ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി. ആർ. സലൂജ, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം. ജലീൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. എസ്. ബിനു, എ. മിനി, അഡ്വ. വിനോദ് കോട്ടുകാൽ, നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്കളിൻ, വാർഡ് കൗൺസിലർ ആർ.  അജിത, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. വത്സല,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി  ഡി. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.