നെയ്യാറ്റിൻകര: ഡിവൈഎസ്‌പി ഹരികുമാറുമായി റോഡിൽ വച്ച് തർക്കിച്ചു കൊണ്ടിരിക്കേ യുവാവ് വാഹനമിടിച്ച് മരിച്ചത് കേരളാ പൊലീസിന ്പുതിയ തലവേദനയാകും. നെയ്യാറ്റിൻകര കാവുവിള സ്വദേശി സനൽ (32) ആണ് മരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വണ്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അപകടം. ഇരുവരും പരസ്പരം ഉന്തും തള്ളും നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഇതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ ഇന്ന് ഹർത്താലാണ്.

ഡിവൈഎസ്‌പി ഹരികുമാർ നെയ്യാറ്റിൻകര കൊളങ്ങാവിളയിൽ ഒരു വീട്ടിലെത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുന്നതിനിടെ ഡിവൈഎസ്‌പിയുടെ വാഹനത്തിന് പുറകിൽ പാർക്ക് ചെയ്ത വണ്ടി മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ പെൺ സുഹൃത്തിന്റെ വീട്ടിന് മുമ്പിലാണ് പ്രശ്‌നമുണ്ടായത്. ഈ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഡിവൈഎസ്‌പിയെന്ന വാദം സജീവമാണ്. ഇതും സനലിന്റെ മരണത്തിന് പുതിയ മാനം നൽകുന്നു.

പെൺസുഹൃത്തിന്റെ വീട്ടിന് മുന്നിലെ വാഹനം മാറ്റിയിടാൻ ഡിവൈഎസ്‌പി ആവശ്യപ്പെട്ടതിനെ തുടർന്ന് പരസ്പരം വാക്ക് തർക്കമുണ്ടാവുകയും ഇത് ഉന്തിലും തള്ളിലേക്കും നീങ്ങുകയായിരുന്നു. ഇതിനിടെ സനലിനെ റോഡിൽ കൂടിപോയ കാർ ഇടിച്ചു. പരിക്കേറ്റ് റോഡിൽ വീണ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഡിവൈഎസ്‌പി ഹരികുമാർ സ്ഥലം വിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്ന് കുറച്ച് നേരത്തേക്ക് യുവാവിന് ജീവനുണ്ടായിരുന്നതായി പറയപ്പെടുന്നു. തുടർന്ന് നെയ്യാറ്റിൻകര എസ്‌ഐയും സംഘവും എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും യുവാവിനെ കൊണ്ടുപോയെങ്കിലും ഇയാൾ മരിച്ചിരുന്നു.

പൊലീസിനെതിരേയും ഗുരുതര ആരോപണങ്ങൾ ഉയരുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ സനലിനെ ആദ്യം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയെന്നതാണ് അതിൽ പ്രധാനം. പൊലീസിനൊപ്പം ആശുപത്രിയിലേക്ക് പോയ രണ്ട് പേരെ വഴിയിൽ ഇറക്കി വിടുകയും ചെയ്തു. അങ്ങനെ സനലിന്റെ മരണത്തിൽ പൊലീസും കള്ളകളി കളിച്ചുവെന്നാണ് ആരോപണം. ഡിവൈഎസ്‌പിയെ രക്ഷിക്കാൻ പൊലീസ് കള്ളക്കളികൾ കളിച്ചുവെന്നാണ് ആരോപണം.

നെയ്യാറ്റിൻകരയ്ക്ക് അടുത്തുകൊടങ്ങാവിള കമുകിൻകോടിലെ വീട്ടന് മുന്നിലായിരുന്നു സംഭവം. ആ വീട്ടിൽനിന്നുമിറങ്ങി കാർ എടുക്കാനായെത്തിയപ്പോൾ വാഹനം കടന്നുപോകാനാകാത്ത നിലയിൽ മറ്റൊരു കാർ പാർക്കുചെയ്തിരുന്നു. സ്വകാര്യവാഹനത്തിൽ യൂണിഫോമിലല്ലാതെ കണ്ട ഡിവൈ.എസ്‌പി.യെ സനലിനു തിരിച്ചറിയാനായില്ല. വാക്കുതർക്കത്തിനിടെ ഡിവൈ.എസ്‌പി. സനലിനെ പിടിച്ചുതള്ളി. റോഡിലേക്കു വീണ ഇയാളുടെ പുറത്ത് എതിേര വന്ന കാർ ഇടിച്ചുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സനൽ ഇലക്ട്രീഷനാണ്.

അപകടമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാർ ഡിവൈ.എസ്‌പി.യെ കൈയേറ്റം ചെയ്തു. എന്നാൽ, ഡിവൈ.എസ്‌പി.യെ പരിസരവാസിയായ സുഹൃത്ത് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുത്തി. ഡിവൈ.എസ്‌പി.യുടെ കാറും അവിടെനിന്നു മാറ്റി. കൊടങ്ങാവിളയിലെ ഒരു വീട്ടിൽ സ്ഥിരമായി വരാറുള്ള ഡിവൈ.എസ്‌പി., സനലിനെ റോഡിലേക്കു പിടിച്ചുതള്ളിയതാണ് മറ്റൊരു വാഹനം ഇടിക്കാനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെക്കുറിച്ചു വിശദീകരിക്കാൻ നെയ്യാറ്റിൻകര പൊലീസ് തയ്യാറായിട്ടില്ല.