തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാക്കുതർക്കത്തിനിടെ വാഹനത്തിന്റെ മുമ്പിലേക്ക തള്ളിയിട്ടതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ആറും ദിവസമായിട്ടും പ്രതി ഡിവൈഎസ്‌പി ബി.ഹരികുമാറിനെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയാണ്. സിബിഐ അന്വേഷണമാണ് ആവശ്യം. അതല്ലെങ്കിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകും. അതിനിടെ സനൽ കുമാറിന്റെ ഭാര്യക്ക് ജോലി നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യത്തിൽ, മുഖ്യമന്ത്രിക്ക് ശുപാർശ നൽകി. സനൽ കുമാറിന്റെ ഭാര്യക്ക് ജോലി നൽകണമെന്ന കുടുംബത്തിന്റെ അപേക്ഷയിലാണ് ഡിജിപി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത്.

സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും സനലിന്റെ ഭാര്യ വിജി ഇന്നലെ പറഞ്ഞിരുന്നു. അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്റെ സഹോദരിയും ഇന്നലെ പ്രതികരിച്ചിരുന്നു. പ്രതിയെ പിടികൂടുന്നതിനൊപ്പം കുടംബത്തിന് നഷ്ടപരിഹാരവും സനലിന്റെ ഭാര്യക്ക് ജോലിയും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സനലിന്റെ ഭാര്യയും മക്കളും സത്യാഗ്രഹം തുടരാനാണ് പദ്ധതി.

അതേസമയം, ഹരികുമാർ പൊലീസിൽ കീഴടങ്ങുമെന്ന സൂചനകൾ നേരത്തേ ലഭിച്ചിരുന്നെങ്കിലും ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോൾ പൊലീസ് വ്യക്തമാക്കുന്നത്. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവിൽ സഞ്ചരിക്കുന്നതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹരികുമാറിന് സേനയ്ക്കുള്ളിൽനിന്ന് സഹായം കിട്ടുന്നുണ്ടെന്നും പൊലീസിലുള്ള വിശ്വാസം ഓരേ ദിവസവും കുറയുകയാണെന്നും സനൽകുമാറിന്റെ സഹോദരി പറഞ്ഞു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും ബന്ധുക്കളിൽനിന്ന് ഉയരുന്നുണ്ട്.
ഹരികുമാർ പൊലീസിന്റെ പിടിയിലായിട്ടില്ലെങ്കിലും സാക്ഷികളെ വധിക്കുമെന്നു ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഇറക്കിയതിനു പിന്നിൽ അയാളുടെ സ്വാധീനമുണ്ടെന്നു വ്യക്തമാക്കുന്നതാണു കൊടങ്ങാവിളയിൽ രണ്ടു ദിവസമായി നടക്കുന്ന സംഭവങ്ങൾ. ഒറ്റയായും സംഘമായും രണ്ടു തവണയാണു സനൽ ഭക്ഷണം കഴിച്ച ഹോട്ടലിന്റെ ഉടമ മാഹിനെയും ഭാര്യയെയും ഗുണ്ടകളെത്തി ഭീഷണിപ്പെടുത്തിയത്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ് ഇവർ. പരാതി നൽകിയാൽ സുരക്ഷ നൽകാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

സുൽത്താനയിൽ നിന്നു സനൽ ഭക്ഷണം കഴിക്കുന്നതിനിടെയാണു റോഡിൽ പാർക്ക് ചെയ്ത വാഹനത്തെച്ചൊല്ലി ഡിവൈഎസ്‌പി ഹരികുമാറുമായി വാക്കേറ്റമുണ്ടായത്. കാർ അവിടെ നിന്നു നീക്കുന്നതിനിടെ സനലിനെ ഹരികുമാർ അടിക്കുകയും താക്കോൽ ഊരിയെടുക്കാൻ ശ്രമിക്കുകയും ചെയ്തതിനു മാഹിൻ സാക്ഷിയായിരുന്നു. ഇക്കാര്യം ഇദ്ദേഹം മാധ്യമങ്ങളോടു പറയുകയും ചെയ്തു. കഴിഞ്ഞ ദിവസം നാലു പേരെത്തിയാണു വിരട്ടിയത്. 'ഇനി വൈകിട്ടു വരെ തുറന്നിരിക്കാൻ വയ്യ, ഇരുട്ടത്ത് എന്തെങ്കിലുമുണ്ടായാൽ ആരാണ്, എന്താണ് എന്നു പോലും അറിയില്ല' മാഹിൻ പറഞ്ഞു. നൂർജഹാനു നേരെ കഴിഞ്ഞ ദിവസം അസഭ്യം വിളിയുമുണ്ടായി.

ഹരികുമാറിന്റെ ഇടനിലക്കാർ ചില ഭരണകക്ഷി നേതാക്കളുമായും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവുമായും ബന്ധപ്പെട്ടതായി സ്പെഷൽ ബ്രാഞ്ചിനു സൂചന ലഭിച്ചു. മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി 14 ലേക്ക് മാറ്റിയതാണു ഹരികുമാറിനെ വെട്ടിലാക്കിയത്. പൊലീസ് ഒത്താശയില്ലാതെ ഇത്രയും ദിവസം മുങ്ങിനടക്കാൻ കഴിയില്ലെന്ന സാഹചര്യത്തിലാണു കീഴടങ്ങൽ ആലോചന. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്‌പി കെ. എം.ആന്റണിയുടെ സംഘം ഹരികുമാറിന്റെയും സുഹൃത്ത് ബിനുവിന്റെയും ബന്ധുവീടുകളിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. പ്രതിയെ സംരക്ഷിക്കാൻ സാധ്യതയുള്ള ചില ക്വാറി ഉടമകളും നിരീക്ഷണത്തിലാണ്.

കീഴടങ്ങുമ്പോൾ നെയ്യാറ്റിൻകര ജയിലിലേക്കു റിമാൻഡ് ചെയ്താൽ അവിടെ ഡിവൈഎസ്‌പിയുടെ ശത്രുക്കൾ ഏറെയുണ്ടെന്നാണ് അടുപ്പക്കാരുടെ ഭയം. അതിനാൽ കൊല്ലം ജില്ലയിൽ കീഴടങ്ങാനാണ് ആലോചന. അതിനു മുൻപേ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദ്ദേശം. പ്രതി തമിഴ്‌നാട്ടിലുണ്ടെന്നാണു സംശയം.