ചില സ്റ്റിൽ ഫോട്ടോകൾ വീഡിയോ ദൃശ്യങ്ങളേക്കാൾ ജീവസുറ്റതും ചലനാത്മകവുമാകുന്ന പ്രതീതിയുണ്ടാകാറുണ്ട്. ഈ വർഷം നാഷണൽ ജ്യോഗ്രഫിക് ചാനൽ ഏറ്റവും മികച്ച ഫോട്ടോകളായി തെരഞ്ഞെടുത്ത ചിത്രങ്ങളെ ഇക്കൂട്ടത്തിൽ പെടുത്താവുന്നവയാണ്. ഈ ചിത്രങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലെങ്കിൽ നിങ്ങൾക്ക് കാര്യമായ എന്തോ കുഴപ്പം ഉണ്ട് എന്ന് പറയാവുന്നതാണ്. ഇക്കൂട്ടത്തിൽ ഒരു അഗ്‌നിപർവതത്തിന്റെ ചാര മേഘം പുറത്തേക്ക് വരുന്ന ജ്വലിക്കുന്ന ചിത്രമെടുത്ത സെർജിയോ ടാപിറോ വെലാസ്‌കോ ആണ് ഈ മത്സരത്തിൽ 2017ൽ നാഷണൽ ജ്യോഗ്രഫിക് ട്രാവൽ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

' ദി പവർ ഓഫ് നാച്വർ' എന്നാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയ ചിത്രത്തിന്റെ പേര്. ഇദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരത്തിന്റെ ഭാഗമായി ഗാലപഗോസ് ദ്വീപസമൂഹങ്ങളിലേക്ക് നാഷണൽ ജ്യോഗ്രഫിക്ക് എക്സ്പെഡിഷനുകൾക്കൊപ്പം രണ്ട് ദിവസത്തെ സഞ്ചാരം നടത്താനുള്ള അവസരവും ചാനൽ നൽകിയിരിക്കുന്നു. ഇതിനൊപ്പം ഈ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട റണ്ണർ അപ്പുമാരുടെ പേരുകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. നാച്വർ, സിറ്റീസ്, പീപ്പിൾ എന്നീ മൂന്ന് കാറ്റഗറികളിലായിട്ടാണ് അവാർഡ് നൽകപ്പെടുന്നത്. ഇതിന് പുറമെ ഒരു ഫോട്ടോഗ്രാഫർക്ക് ഗ്രാൻഡ് പ്രൈസും ലഭിക്കും.

വെലാസ്‌കോയുടെ എടുത്ത അഗ്‌നിപർവത സ്ഫോടനത്തിന്റെ അത്യപൂർവ ചിത്രത്തിന് പുറമെ ജലത്തിനടിയിലെ സർഫർ, ലോകത്തിലെ ഏറ്റവും മനോഹരമായ ഫുട്ബോൾ പിച്ച് തുടങ്ങിയ ചിത്രങ്ങൾക്കും നാഷണൽ ജ്യോഗ്രഫിക്ക് ചാനൽ അവാർഡുകൾ ലഭിച്ചിരിക്കുന്നു. വെലാസ്‌കോ മെക്സിക്കോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറാണ്. നാച്വർ, ഗ്രാന്റ് പ്രൈസ് കാറ്റഗറികളിലാണ് അദ്ദേഹത്തിന് പുരസ്‌കാരങ്ങൾ ലഭിച്ചിരിക്കുന്നത്. 30ൽ അധികം രാജ്യങ്ങളിൽ നിന്നുമുള്ള 15,000 എൻട്രികളിൽ നിന്നായിരുന്നു ഈ പുരസ്‌കാരങ്ങൾക്കായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

മെക്സിക്കോയിലെ ഏറ്റവും സജീവമായ അഗ്‌നിപർവതങ്ങളിലൊന്നായ വൊൽക്കാൻ ഡി കോലിമയുടെ താണ്ഡവദൃശ്യമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയിരിക്കുന്നത്. അഗ്‌നിപർവതത്തിൽ നിന്നും സ്ഫോടന ശബ്ദം കേട്ട വേളയിൽ 12 കിലോമീറ്റർ അകലത്ത് നിന്നായിരുന്നു അദ്ദേഹം ഈ ചിത്രം പകർത്തിയത്. എഫ് ഡിലെക് ഉയാറിനാണ് പീപ്പിൾ കാറ്റഗറിയിൽ അവാർഡ് ലഭിച്ചിരിക്കുന്നത്. ഒരു ഡെർവിഷ് മനുഷ്യന്റെ ചിത്രമാണ് സമ്മാനാർഹനാക്കിയത്.

തുർക്കിയിലെ ഒരു ആരാധനാലയത്തിൽ വച്ച് ഇയാൾ വിശ്വാസപരമായ നൃത്തം ചെയ്യുന്ന ചിത്രമാണിത്. സിറ്റീസ് കാറ്റഗറിയിൽ പുരസ്‌കാരം ലഭിച്ചിരിക്കുന്ന് സ്റ്റുറ്റ്ഗർട്ടിലെ ഒരു പ്രിസ്റ്റിനെ ആൻഡ് ഫ്യൂചുറിസ്റ്റിക് ലൈബ്രറിയുടെ ചിത്രത്തിനാണ്.