ആലപ്പുഴ: 2013 ഏപ്രിൽ 1 മുതൽ സർവ്വീസിൽ പ്രവേശിച്ച ജീവനക്കാർക്ക് എർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റിയൂട്ടറി പെൻഷൻ നടപ്പിലാക്കുമെന്നാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പ്രചരണം നടത്തിയത്. എന്നാൽ അധികാരത്തലേറി നാലര വർഷം കഴിഞ്ഞിട്ടും ഒരു കമ്മീഷനെ നിയമിച്ചതല്ലാതെ ഒന്നും നടന്നിട്ടില്ല. രണ്ട് വർഷം കാലാവധി പുർത്തിയായിട്ട് പോലും റിപ്പോർട്ട് നൽകാൻ കമ്മീഷൻ ഇതുവരെ തയ്യാറായിട്ടില്ലായെന്നത് ജീവനക്കാരെ വഞ്ചിക്കുന്നതാണ്. ഇപ്പോൾ തന്നെ ജീവനക്കാരിൽ നിന്നും പിടിക്കുന്ന പണത്തെ സംബന്ധിച്ചും യാതൊരു അറിവും ബന്ധപ്പെട്ട അധികാരികൾക്കില്ല. ജീവനക്കാരെ കബളിപ്പിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്നും പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും എൻ.ജി. സംഘ് സംസ്ഥാന സെക്രട്ടറി എ. പ്രകാശ് പറഞ്ഞു.

ഈ ആവശ്യമുന്നയിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി കളക്റ്റ്രേറ്റിൽ നടന്ന പരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരോടുള്ള ദ്രോഹനടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്നും ജീവനക്കാരുടെ അവകാശങ്ങൾ പിടിച്ചു വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ജെ. മഹാദേവൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ദിലീപ്, ജില്ലാ കമ്മിറ്റി അംഗം അനിൽ കുമാർ, ബ്രാഞ്ച് പ്രസിഡന്റ് അഭിലാഷ്, ബ്രാഞ്ച് സെക്രട്ടറി രാമനാഥ് എന്നിവർ സംസാരിച്ചു.