- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഐഎയ്ക്ക വേണ്ടത് ശിവശങ്കറിന്റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെയും മന്ത്രി കെടി ജലീൽ അടക്കമുള്ളവരുടെ ഓഫീസിന് സമീപത്തേയും ദൃശ്യങ്ങൾ; സംശയമുള്ള പല ദിവസങ്ങളിലെയും ദൃശ്യങ്ങൾ സർവറിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി എൻഐഎയുടെ സാങ്കേതിക വിദഗ്ദ്ധർ; ദൃശ്യങ്ങൾ സുരക്ഷിതമാണോയെന്നും ക്രമക്കേടിനു സാധ്യതയുണ്ടോയെന്നും ശേഖരിച്ചു വയ്ക്കാനുള്ള ശേഷിയുണ്ടോയെന്നും മനസ്സിലാക്കി മടക്കം; സെക്രട്ടറിയേറ്റിലെ പരിശോധനയിൽ നിറയുന്നത് വമ്പൻ സ്രാവിനെ കുടുക്കാനുള്ള നീക്കം തന്നെ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഏതെല്ലാം ക്യാമറയിലെ ദൃശ്യങ്ങൾ വേണമെന്ന കാര്യത്തിൽ എൻഐഎ അന്തിമ നിഗമനത്തിലെത്തിയതായി സൂചന. ഇതിന് വേണ്ടിയായിരുന്നു എൻഐഎ മൂന്നാം വട്ടവും സെക്രട്ടേറിയറ്റിലെത്തിയത്. സ്വർണക്കടത്തു കേസിലെ പ്രതികൾ സെക്രട്ടേറിയറ്റിലെ ഏതൊക്കെ ഓഫിസുകളിൽ ആരെയൊക്കെ സന്ദർശിച്ചുവെന്നു കണ്ടെത്തുന്നതിനായി വിശദമായ പരിശോധന എൻഐഎ സംഘം നടത്തിയിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണു 'സിഡാക്കി'ലെ സാങ്കേതിക വിദഗ്ദ്ധർക്കൊപ്പം എൻഐഎ പ്രതിനിധികൾ എത്തിയത്.
അവധി ദിവസം സിസിടിവി ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധന നടത്തി സെക്രട്ടേറിയറ്റിലെ 83 ക്യാമറകളും എവിടെയൊക്കെയാണു സ്ഥാപിച്ചിരിക്കുന്നതെന്നു പരിശോധന നടത്തിയവർ മനസ്സിലാക്കി. തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ ഓഫിസിലും എത്തി. ഏതൊക്കെ ക്യാമറകളിലെ ദൃശ്യങ്ങൾ വേണമെന്നു 2 ദിവസത്തിനുള്ളിൽ കത്തു നൽകുമെന്നു എൻഐഎ അധികൃതർ അറിയിച്ചു. സെക്രട്ടേറിയറ്റിലെ സെർവർ റൂമും കൺട്രോൾ റൂമും ദൃശ്യങ്ങളും പരിശോധിച്ചു. റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ സുരക്ഷിതമാണോ, അതിൽ ക്രമക്കേടിനു സാധ്യതയുണ്ടോ, ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കാനുള്ള ശേഷിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു. ഇന്നലെ നാലുമണി വരെ പരിശോധന നീണ്ടു.
ദൃശ്യങ്ങൾ ലഭിക്കുന്നതോടെ സ്വർണക്കടത്തു പ്രതികൾ സെക്രട്ടേറിയറ്റിൽ എത്ര തവണ വന്നുവെന്നും ആരെയൊക്കെ കണ്ടുവെന്നും വ്യക്തമാകും. മുഴുവൻ ക്യാമറകളിലെയും ഒരു വർഷത്തെ ദൃശ്യം പകർത്തുന്നതു ബുദ്ധിമുട്ടാണെങ്കിലും എൻഐഎ ആവശ്യപ്പെടുന്ന ക്യാമറകളിലെ നിശ്ചിത ദിവസങ്ങളിലെ ദൃശ്യങ്ങൾ നൽകേണ്ടി വരും. ഒരു വർഷത്തെ മുഴുവൻ ദൃശ്യങ്ങളും പകർത്തുന്നതിലെ ബുദ്ധിമുട്ട് പൊതുഭരണ വകുപ്പ് എൻഐഎ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനയ്ക്ക് സംഘം എത്തിയത്.
പൊതുഭരണ, ഐടി സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലെയും സെർവർ റൂമിലെയും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പൊതുഭരണ സെക്രട്ടറിക്കു നോട്ടിസ് നൽകിയ ശേഷമാണ് എൻഐഎ എത്തിയത്. ദൃശ്യങ്ങൾ ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കത്തു നൽകാനും നയതന്ത്ര ബാഗേജുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുമായിരുന്നു മുൻപ് വന്നത്.
പ്രതികളായ സ്വപ്നാ സുരേഷ്, സരിത്ത്, സന്ദീപ് എന്നിവർ സെക്രട്ടേറിയറ്റിൽ വന്നിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങൾ എൻഐഎ പരിശോധിക്കുന്നത്. സ്വപ്നയുടെ അടുത്ത സുഹൃത്തും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കറിന്റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെയും മന്ത്രി കെ.ടി.ജലീൽ അടക്കമുള്ളവരുടെ ഓഫീസിന് സമീപത്തെ ദൃശ്യങ്ങളുമാണ് പരിശോധിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി 2019 ജൂലായ് മുതൽ ഒരു വർഷത്തെ ദൃശ്യങ്ങൾ നേരത്തേ എൻ.ഐ.എ. ആവശ്യപ്പെട്ടിരുന്നു. ഇത്രയും ഫയലുകൾ സംഭരിക്കാൻ ശേഷിയുള്ള ഹാർഡ് ഡിസ്‌ക് കിട്ടാനില്ലാത്തതിനാൽ ദൃശ്യങ്ങൾ കൈമാറിയിരുന്നില്ല. സംശയമുള്ള പല ദിവസങ്ങളിലെയും ദൃശ്യങ്ങൾ സർവറിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി. അന്വേഷണത്തിനാവശ്യമുള്ള ഭാഗങ്ങൾ ആവശ്യപ്പെടും.
സർവർ റൂമിന്റെ ചുമതലയുള്ള പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥരോട് തിങ്കളാഴ്ച സ്ഥലത്തുണ്ടാകണമെന്ന് എൻ.ഐ.എ. നിർദ്ദേശിച്ചിരുന്നു. ഐ.ടി. സെക്രട്ടറി മുഹമ്മദ് വൈ. സഫറുള്ള അടക്കമുള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഓഗസ്റ്റ് 25-ന് സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തം ഏറെ വിവാദമായി.
ആസൂത്രിതമായി രേഖകൾ നശിപ്പിക്കാനുള്ള ശ്രമമാണെന്നും ഇതേ മാതൃകയിൽ ക്യാമറാദൃശ്യങ്ങളും നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രതിപക്ഷം ആരോപണമുയർത്തി. ഈ പശ്ചാത്തലത്തിലാണ് എൻ.ഐ.എ. സംഘം പരിശോധനയ്‌ക്കെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ